സഹപാഠിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് കാരണം പ്രണയ ബന്ധത്തില്‍ നിന്നുള്ള പിന്മാറ്റമെന്ന് പ്രതി
കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചായിരുന്നില്ല നിതിനയുടെ അടുത്തേക്ക് പോയതെന്നും അഭിഷേക് പോലിസിനോട് പറഞ്ഞു.
തിരുവല്ല: കോട്ടയം: പാലാ സെന്റ് തോമസ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി നിതിനമോളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയത് കാരണമെന്ന് പ്രതിയുടെ മൊഴി. അതിക്രൂരമായ കൊലപാതകത്തിന് പിന്നാലെ കുറ്റസമ്മതം നടത്തിയപ്പോഴാണ് പ്രതി അഭിഷേക് കാരണം വ്യക്തമാക്കിയത്. രണ്ട് വര്‍ഷമായി നിതിനമോളുമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ നിതിനമോള്‍ ബന്ധത്തില്‍ അകല്‍ച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നും അഭിഷേക് പറഞ്ഞു.
കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചായിരുന്നില്ല നിതിനയുടെ അടുത്തേക്ക് പോയതെന്നും അഭിഷേക് പോലിസിനോട് പറഞ്ഞു. കത്തി കൊണ്ടുവന്നത് സ്വന്തം കൈഞരമ്പ് മുറിച്ച് നിതിനമോളെ ഭയപ്പെടുത്താനായിരുന്നു. പിന്നീട് തര്‍ക്കത്തിനിടയില്‍ കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു.
പാലാ സെന്റ് തോമസ് കോളേജില്‍ മൂന്നാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥികളായ അഭിഷേകും നിതിനയും പരീക്ഷയെഴുതാന്‍ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടില്‍ നില്‍ക്കുന്നതിനിടെ അഭിഷേക് നിതിനയുടെ കഴുത്തില്‍ വെട്ടുന്നത് കണ്ടെന്ന് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജോസ് പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവം കണ്ട് ഭയന്നുപോയെന്നും അപ്പോള്‍ തന്നെ പ്രിന്‍സിപ്പലിനെ അറിയിച്ചെന്നും ഇദ്ദേഹം പൊലീസിനോട് പറഞ്ഞു.