ഡൽഹി വംശീയാതിക്രമം : 80 ശതമാനം പ്രതികളെയും വെറുതെ വിട്ടതായി റിപോർട്ട്

Update: 2025-02-26 05:42 GMT
ഡൽഹി വംശീയാതിക്രമം : 80 ശതമാനം പ്രതികളെയും വെറുതെ വിട്ടതായി റിപോർട്ട്

ന്യൂഡൽഹി: പൗരത്വസമരത്തിൻ്റെ പശ്ചാത്തലത്തിൽ 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന മുസ്‌ലിം വിരുദ്ധ വംശീയാതിക്രമങ്ങളുടെ അഞ്ചാം വാർഷികത്തിൽ രാജ്യം എത്തി നിൽക്കുമ്പോൾ, 120 കേസുകളിൽ 80 ശതമാനം പ്രതികളെയും കുറ്റവിമുക്തരാക്കിയതായി റിപോർട്ട്.

തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപോർട്ടിൽ, ബിബിസി(ഹിന്ദി)യിലെ പത്രപ്രവർത്തകനായ ഉമാൻ പോദ്ദാർ 126 കേസുകൾ വിശകലനം ചെയ്യുന്നു. അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 758 എഫ്‌ഐആറുകളുടെ സ്ഥിതിയാണ് റിപോർട്ട് പരിശോധിച്ചത്. വർഗീയ കലാപത്തിൽ കൊല്ലപ്പെട്ട 53 പേരിൽ 40 പേർ മുസ്‌ലിംകളാണ്. പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും വീടുകൾ വിട്ടോടേണ്ടി വരുകയും ചെയ്തു.

മുസ്‌ലിം കുടുംബങ്ങളെ ലക്ഷ്യം വച്ചുള്ള വലിയ തോതിലുള്ള അക്രമത്തിന് ഡൽഹി പോലിസ് കൂട്ടുനിൽക്കുകയോ അല്ലെങ്കിൽ അവരെ സഹായിക്കുകയോ ചെയ്തതായി ആരോപണമുണ്ട്. അഞ്ച് വർഷത്തെ സമഗ്രമായ അന്വേഷണത്തിനുശേഷവും 20 കേസുകളിൽ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചിട്ടുള്ളൂ. വിചിത്രമെന്നു പറയട്ടെ, ഇതിൽ 12 കേസുകളിൽ പ്രതികൾ തന്നെ കുറ്റം സമ്മതിച്ചതാണ്.

2024 ഏപ്രിലിൽ, ഡൽഹി കലാപത്തെക്കുറിച്ച് ഫയൽ ചെയ്ത കേസിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കുന്ന ഒരു സ്ഥിതിവിവര റിപോർട്ട് ഡൽഹി പോലിസ് കോടതിയിൽ സമർപ്പിച്ചു.

പോലിസ് പറയുന്നതനുസരിച്ച്, 38 ശതമാനം(289) കേസുകൾ അന്വേഷണത്തിലാണ്. 39 ശതമാനം (296) കേസുകൾ അന്വേഷണം പൂർത്തിയായ ശേഷം കോടതിയിൽ വാദം കേൾക്കുകയായിരുന്നു, 23 ശതമാനം(173) കേസുകളിൽ വിധി പുറപ്പെടുവിച്ചു.

758 എഫ്‌ഐആറുകളിൽ 62 എണ്ണം കൊലപാതകവുമായി ബന്ധപ്പെട്ടതും ക്രൈംബ്രാഞ്ച് അന്വേഷിച്ചതുമാണ്. ഒരു കേസിൽ മാത്രമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നാല് പ്രതികളെ വെറുതെവിട്ടു. കൂടാതെ. 39 കേസുകൾ കോടതിയിൽ വിചാരണയിലാണ്. 15 കേസുകളിൽ അന്വേഷണം തുടരുകയാണ്.

കുറ്റവിമുക്തരാക്കപ്പെട്ടവരുടെ കാര്യം പരിശോധിക്കുമ്പോൾ, 94 കേസുകളിലെ എല്ലാ കുറ്റങ്ങളിൽ നിന്നും പ്രതികളെ ഒഴിവാക്കുകയും 16 കേസുകളിൽ പ്രതികളെ വിട്ടയക്കുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു. പോലിസ് അന്വേഷണത്തിനു ശേഷം ഈ കേസുകളിൽ വിചാരണ ആരംഭിക്കുന്നതിന് വിശ്വസനീയമായ തെളിവുകൾ കോടതിക്ക് കണ്ടെത്താനായില്ല.

പ്രതികളെ കുറ്റവിമുക്തരാക്കിയ 106 കേസുകളുടെ വിശകലനം രണ്ട് പ്രധാന കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ആദ്യത്തേത്, ഏകദേശം പകുതി കേസുകളിൽ, അതായത് 49 കേസുകളിൽ, സാക്ഷികൾ അവരുടെ മുൻ മൊഴികൾ പിൻവലിച്ചു എന്നതാണ്. അതായത്, സാക്ഷിവിസ്താര വേളയിൽ അവർ പോലിസ് വാദങ്ങളെ പിന്തുണച്ചില്ല.

രണ്ടാമത്തെ കാരണം, ഏകദേശം 60 ശതമാനം (66) കേസുകളിലും സാക്ഷികൾ പോലിസ് ഉദ്യോഗസ്ഥരായിരുന്നു എന്നതാണ്. വിവിധ കാരണങ്ങളാൽ, കോടതികൾക്ക് അവരുടെ മൊഴികൾ വിശ്വസനീയമല്ലെന്ന് തോന്നി.

ഈ കേസുകളിൽ ചിലതിൽ പോലിസ് ഉദ്യോഗസ്ഥർ നൽകിയ മൊഴികളിൽ വൈരുധ്യങ്ങളുണ്ടായിരുന്നു. അവർ സത്യം പറയുന്നില്ലെന്ന് കോടതികൾ ആശങ്ക പ്രകടിപ്പിച്ചു. അല്ലെങ്കിൽ അവരുടെ സാക്ഷ്യങ്ങൾ വിശ്വസനീയമല്ലെന്ന് പ്രസ്താവിച്ചു.

ഗണ്യമായ കാലതാമസത്തിനുശേഷം പോലിസ് പ്രതികളെ തിരിച്ചറിഞ്ഞ കേസുകളും ഉണ്ടായിരുന്നു.

പോലിസ് ഉദ്യോഗസ്ഥർ പതിവായി പോലിസ് സ്റ്റേഷൻ സന്ദർശിക്കാറുണ്ടെങ്കിൽ, കലാപവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ടെന്ന് അവർക്ക് അറിയാമെങ്കിൽ, പ്രതികളെ തിരിച്ചറിയുന്നതിലെ കാലതാമസം സംശയങ്ങൾ ഉയർത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി അവരുടെ സാക്ഷിമൊഴികളെ ചോദ്യം ചെയ്തു.

കൂടാതെ, ഡ്യൂട്ടി ഷീറ്റുകൾ പ്രകാരം, സാക്ഷികളായ പോലിസ് ഉദ്യോഗസ്ഥരെ മറ്റൊരു മേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും, മറ്റെവിടെയെങ്കിലും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അവർ മൊഴി നൽകിയിരുന്നു. അത്തരം സന്ദർഭങ്ങളിൽ, കോടതി അവരുടെ മൊഴികൾ വിശ്വസനീയമാണെന്ന് പരിഗണിച്ചില്ല.

പ്രതികളെ വെറുതെ വിട്ടതിന് മറ്റ് ചില കാരണങ്ങളുണ്ടായിരുന്നു.

ഏകദേശം 15 ശതമാനം (16) കേസുകളിൽ, പോലിസ് അന്വേഷണത്തിൽ വീഡിയോ തെളിവുകളെ ആശ്രയിച്ചു. എന്നിരുന്നാലും, ഈ തെളിവുകൾ കോടതിയിൽ ഹാജരാക്കിയില്ല, അല്ലെങ്കിൽ അവ പരിശോധിക്കാൻ കഴിഞ്ഞില്ല. തദ്ഫലമായി, കോടതി അവയെ വിശ്വസനീയമായി കണക്കാക്കിയില്ല.

സാക്ഷികളോ തെളിവുകളോ ഇല്ലാത്ത കേസുകളും ഉണ്ടായിരുന്നു. കൂടാതെ, ചില കേസുകളിൽ, സാക്ഷികൾ മൊഴികൾ പിൻവലിക്കൽ, പോലിസിന്റെ സാക്ഷ്യം വിശ്വസനീയമല്ലെന്ന് കണക്കാക്കൽ, വീഡിയോ തെളിവുകളുടെ തെറ്റായ അവതരണം തുടങ്ങിയ ഒന്നിലധികം കാരണങ്ങളാൽ പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടു.

ഈ കേസുകളുടെ വിശകലനം മറ്റൊരു പ്രധാന കാര്യം കൂടി വെളിപ്പെടുത്തുന്നു: നിരവധി കേസുകളിൽ, കോടതി പോലിസ് അന്വേഷണത്തെ ശക്തമായി വിമർശിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കുകയോ വിട്ടയക്കുകയോ ചെയ്ത 50 ലധികം കേസുകളിൽ, പോലിസ് അന്വേഷണത്തെയും പോലിസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകളെയും കുറിച്ച് കോടതി ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ചു.

ചില വിധിന്യായങ്ങളിൽ, "കുറ്റപത്രം ശരിയായ അന്വേഷണം കൂടാതെയാണ് സമർപ്പിച്ചിരിക്കുന്നത്" എന്നും "സാക്ഷികളുടെ മൊഴികൾ തെറ്റാണെന്ന് തോന്നുന്നു" എന്നും, "മുൻവിധികളുടെ അടിസ്ഥാനത്തിലാണ് ആളുകളെ പ്രതികളാക്കിയത്" എന്നും കോടതി അഭിപ്രായപ്പെട്ടു.

ഒരു വിധിന്യായത്തിൽ ജഡ്ജി പറഞ്ഞു: "പ്രോസിക്യൂഷന്റെ കേസിലെ ബലഹീനതകൾ മറച്ചുവയ്ക്കാനും പ്രതികൾക്കെതിരായ കുറ്റപത്രം ന്യായീകരിക്കാനും മാത്രമാണ് പുതിയൊരു മൊഴി രേഖപ്പെടുത്തിയത്."

പോലിസ് തെളിവുകൾ നശിപ്പിച്ചതായി കോടതി കണ്ടെത്തിയ ഒരു കേസ് പോലും ഉണ്ടായിരുന്നു. നിരപരാധിയായ ഒരാളെ തെറ്റായി കുടുക്കാൻ വേണ്ടി ഒരു വീഡിയോയുടെ പകുതി മാത്രമേ കോടതിയിൽ ഹാജരാക്കിയിട്ടുള്ളൂ.

മറ്റൊരു വിധിന്യായത്തിൽ, പ്രതിയെ കുറ്റവിമുക്തനാക്കിയപ്പോൾ കോടതി അന്വേഷണത്തിലെ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടി. ജഡ്ജി ഇങ്ങനെ അഭിപ്രായപ്പെട്ടു: "കേസ് പരിഹരിച്ചു എന്ന പ്രതീതി സൃഷ്ടിക്കാൻ വേണ്ടി രണ്ട് പോലിസ് ഉദ്യോഗസ്ഥരെ സാക്ഷികളായി ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ട്."

Tags:    

Similar News