എഞ്ചിനീയര്‍ റാഷിദ് എംപിക്ക് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി; ഫോണ്‍ ഉപയോഗിക്കരുത്

Update: 2025-03-26 17:11 GMT
എഞ്ചിനീയര്‍ റാഷിദ് എംപിക്ക് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി; ഫോണ്‍ ഉപയോഗിക്കരുത്

ന്യൂഡല്‍ഹി: കശ്മീരിലെ ബാരാമുല്ല മണ്ഡലത്തില്‍ നിന്നുള്ള എംപിയായ എഞ്ചിനീയര്‍ റാഷിദിന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, മാധ്യമങ്ങളുമായി സംസാരിക്കരുത് തുടങ്ങിയവയാണ് വ്യവസ്ഥകള്‍. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ നാലു വരെയുള്ള കാലയളവില്‍ എംപിയെ സായുധ കാവലില്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുപോവണമെന്ന് ജയില്‍ വകുപ്പ് ഡയറക്ടര്‍ ജനറലിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

''പാര്‍ലമെന്റില്‍ എത്തുമ്പോള്‍ അവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ വിടണം. അവര്‍ സഭയിലേക്ക് കൊണ്ടുപോവണം. ലോക്‌സഭാ ചട്ടങ്ങള്‍ പ്രകാരമുള്ള കാര്യങ്ങള്‍ മാത്രമേ റാഷിദ് ചെയ്യാവൂ. സഭാനടപടികള്‍ കഴിഞ്ഞാല്‍ തിരികെ ജയില്‍ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലേക്ക് വിടണം. രാത്രി എത്ര വൈകിയാലും ജയിലില്‍ എത്തിക്കണം.''-കോടതി പറഞ്ഞു. എല്ലാ നടപടികളുടെയും ചെലവ് റാഷിദായിരിക്കണം വഹിക്കേണ്ടതെന്നും കോടതി പറഞ്ഞു.

കശ്മീരിലെ ചില സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ചാണ് എന്‍ഐഎ റാഷിദിനെ അറസ്റ്റ് ചെയ്തത്. കേസില്‍ 2019 മുതല്‍ അദ്ദേഹം ജയിലിലാണ്. റാഷിദിനെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടത്. റാഷിദ് പാര്‍ലമെന്റില്‍ എന്തൊക്കെയാണ് പറയാന്‍ പോവുന്നത് എന്ന് അറിയില്ലെന്നാണ് എന്‍ഐഎ വാദിച്ചത്.

Similar News