ഡല്‍ഹി മദ്യനയക്കേസ്: തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യും
ഹൈദരാബാദ്: ഡല്‍ഹി മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായ കെ കവിതയെ ശനിയാഴ്ച ഇഡി ചോദ്യം ചെയ്യും. കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തേക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യമിട്ട് സിബിഐ, ഇഡി, ഐടി വകുപ്പ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇത്തരം അറസ്റ്റുകളെ തങ്ങള്‍ ഭയപ്പെടുന്നില്ലെന്നും ബിജെപിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അറസ്റ്റുണ്ടായാല്‍ ബിആര്‍എസ് നേതാക്കളും പ്രവര്‍ത്തകരും ഡല്‍ഹിയിലെത്തി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കവിത രാവിലെ 10ന് ഇഡി ഓഫിസിലെത്തുമെന്നാണ് റിപോര്‍ട്ടുകള്‍. ഇഡിയുടെ ചോദ്യം ചെയ്യലിന് മുമ്പും ശേഷവും കവിതയ്ക്ക് നിയമസഹായം നല്‍കാന്‍ ബിആര്‍എസ് ലീഗല്‍ സെല്ലിലെ അഭിഭാഷകരുടെ ഒരു സംഘം വെള്ളിയാഴ്ചതന്നെ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിരുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ ഈ മാസം ഏഴിന് മലയാളി വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. കവിതയുടെ ബിനാമിയാണെന്ന് പിള്ള സമ്മതിച്ചതായി ഇഡി റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി കവിതയ്‌ക്കെതിരേ കേസെടുത്തത്.