കൊവിഡ് ബാധിച്ചതിന്റെ പേരില്‍ ചികിത്സ നിഷേധിച്ചു; യുവതി ആശുപത്രിക്കു മുന്നില്‍ പ്രസവിച്ചു

പ്രസവമടുത്തതായി അറിഞ്ഞിട്ടും യുവതിയെ സഹായിക്കാന്‍ തയ്യാറായില്ല. കടുത്ത വേദനയുണ്ടായ യുവതി ആശുപത്രിയുടെ ഗേറ്റിനടുത്ത് പ്രസവിക്കുകയായിരുന്നു.

Update: 2020-11-14 14:26 GMT

ശ്രീനഗര്‍: പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഗര്‍ഭിണിക്ക് കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ നിഷേധിച്ചു. ഇതോടെ യുവതി ആശുപത്രിക്ക് മുന്നിലെ പൊതുനിരത്തില്‍ പ്രസവിച്ചു. കശ്മീരിലെ വൂവാന്‍ ഗ്രാമത്തില്‍ നിന്നുള്ള യുവതിക്കാണ് കൊവിഡിന്റെ പേരില്‍ ചികിത്സ നിഷേധിച്ചത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായി.

പ്രസവവേദന ശക്തമായതോടെയാണ് യുവതി ബന്ദിപ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. കോവിഡ് പരിശോധനയില്‍ രോഗം കണ്ടെത്തി. ഇതോടെ ഡോക്ടര്‍മാര്‍ യുവതിയെ ചികിത്സിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇവരോട് 25 കിലോമീറ്റര്‍ അകലെയുള്ള ഹാജിന്‍ പ്രദേശത്തെ പ്രത്യേക കോവിഡ് ആശുപത്രിയിലേക്ക് പോകാനും ആവശ്യപ്പെട്ടു. പ്രസവമടുത്തതായി അറിഞ്ഞിട്ടും യുവതിയെ സഹായിക്കാന്‍ തയ്യാറായില്ല. കടുത്ത വേദനയുണ്ടായ യുവതി ആശുപത്രിയുടെ ഗേറ്റിനടുത്ത് പ്രസവിക്കുകയായിരുന്നു. പലതവണ അപേക്ഷിച്ചിട്ടും ഒരു ഡോക്ടറും എത്തിയില്ലെന്ന് കുടുംബം ആരോപിച്ചു. വഴിയാത്രക്കാരായ ചിലരാണ് യുവതിയെ പ്രസവത്തിന് സഹായിച്ചത്.

ആശുപത്രി ജീവനക്കാരുടെ മനുഷ്യത്വ രഹിതമായ സമീപനത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ അന്വേഷണം നടത്താന്‍ ആരോഗ്യവരുപ്പ് നിര്‍ദേശം നല്‍കി. യുവതിക്ക് ചികിതിസ നിഷേധിച്ച ഡോക്ടര്‍മാരുടെ ശമ്പളം തടഞ്ഞുവെയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളോടെ യുവതിക്ക് പ്രസവത്തിന് സൗകര്യം ഒരുക്കാത്തതു സംബന്ധിച്ച് കാരണം ബോധിപ്പിക്കാനും നോട്ടീസ് നല്‍കി.

Tags:    

Similar News