വീട്ട് നമ്പര്‍ ലഭിച്ചില്ല; ഗ്രാമപ്പഞ്ചായത്തോഫിസിനു മുന്നില്‍ കുഞ്ഞുങ്ങളുമായി വീട്ടമ്മയുടെ കുത്തിയിരിപ്പ് പ്രതിഷേധം

പാലിയോട് കുറുവാട് എംഎം ഹൗസില്‍ സതീഷ്‌കുമാറിന്റെ ഭാര്യ സിനിയാണ് കുന്നത്തുകാല്‍ ഗ്രാമപ്പഞ്ചായത്തോഫിസിനു മുന്നില്‍ പ്രതിഷേധിച്ചത്.

Update: 2020-05-29 14:01 GMT

വെള്ളറട: മൂന്നുവര്‍ഷമായി വീടിനു നമ്പര്‍ കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടമ്മ കുഞ്ഞുങ്ങളുമായി ഗ്രാമപ്പഞ്ചായത്തോഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പാലിയോട് കുറുവാട് എംഎം ഹൗസില്‍ സതീഷ്‌കുമാറിന്റെ ഭാര്യ സിനിയാണ് കുന്നത്തുകാല്‍ ഗ്രാമപ്പഞ്ചായത്തോഫിസിനു മുന്നില്‍ പ്രതിഷേധിച്ചത്. വീടുപണി പൂര്‍ത്തിയാക്കി താമസം തുടങ്ങിയിട്ട് മൂന്നുവര്‍ഷം കഴിഞ്ഞെങ്കിലും വീട്ടുനമ്പര്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ല. ഇക്കാരണത്താല്‍ വൈദ്യുതിക്കു കൂടുതല്‍ തുക നല്‍കേണ്ടിവരുന്നു.

കുറുവാട് ജങ്ഷനു സമീപം വാങ്ങിയ വസ്തുവില്‍ 2016ലാണ് പഞ്ചായത്ത് പെര്‍മിറ്റോടെ സിനിയുടെ കുടുംബം വീടുപണി ആരംഭിച്ചത്. പണികള്‍ പൂര്‍ത്തിയാക്കി വീട്ടുനമ്പരിനു ശ്രമിച്ചപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ പല തടസ്സങ്ങളും പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. തങ്ങളുടെ സ്ഥലം വാങ്ങാന്‍ താത്പര്യമുണ്ടായിരുന്ന ഒരു പ്രാദേശിക സിപിഎം നേതാവാണ് വീട്ടുനമ്പര്‍ കിട്ടാന്‍ തടസ്സമായതെന്ന് സിനി ആരോപിക്കുന്നു. പഞ്ചായത്ത് അധികൃതരുടെ ആവശ്യപ്രകാരം 2018ല്‍ താലുക്ക് സര്‍വേയര്‍ വസ്തു അളന്ന് തിട്ടപ്പെടുത്തിയ പ്ലാനും റോഡ് കൈയേറിയിട്ടില്ലെന്നുള്ള പൊതുമരാമത്തിന്റെ നിരാക്ഷേപപത്രവും നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ചയ്ക്ക് മുമ്പ് വസ്തുവിന്റെ അതിരുകള്‍ അളന്നുതിരിച്ച ആനാവൂര്‍ വില്ലേജോഫിസറുടെ സാക്ഷ്യപത്രം നല്‍കിയ ശേഷവും വീട്ടുനമ്പര്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീട്ടമ്മ പ്രതിഷേധവുമായി മുന്നോട്ട് വന്നത്. 

Tags:    

Similar News