നയതന്ത്ര പ്രതിനിധികള്‍ തിരിച്ചുവരണം; സമ്പൂര്‍ണ സുരക്ഷ വാഗ്ദാനം ചെയ്ത് അഫ്ഗാന്‍ ആക്റ്റിങ് പ്രധാനമന്ത്രി
കാബൂള്‍: താലിബാന്‍ കാബൂള്‍ പിടിച്ചതിനു തൊട്ടുപിന്നാലെ രാജ്യം വിട്ട വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളോട് തിരിച്ചുവരണമെന്ന് അഫ്ഗാന്‍ ആക്റ്റിങ് പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദ്. അല്‍ ജസീറയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി അഭിപ്രായമറിയിച്ചത്. തിരിച്ചുവരുന്ന മുഴുവന്‍ നയതന്ത്രപ്രതിനിധികള്‍ക്കും സുരക്ഷ ഉറപ്പുനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എംബസികള്‍, നയതന്ത്രപ്രതിനിധികള്‍, വിവിധ ദുരിതാശ്വാസ സംഘടനകള്‍ എന്നിവരോടാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും വിവിധ രാജ്യങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ അഫ്ഗാന്‍ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
താലിബാന്റെ സുപ്രിം കമാന്‍ഡറും സ്ഥാപകരിലൊരാളുമായ മുല്ല ഒമറിന്റെ രാഷ്ട്രീയ ഉപദേശകനായിരുന്നു അഖുന്ദ്. അഫ്ഗാനില്‍ വികസനത്തിന്റെ കാര്യത്തില്‍ തങ്ങള്‍ ശക്തമായ വെല്ലുവിളിയാണ് നേരിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ ചരിത്ര നിമിഷത്തിനുവേണ്ടി അഫ്ഗാന്‍കാര്‍ ഒരുപാട് പണവും ജീവനും നഷ്ടപ്പെടുത്തിയെന്ന് അഖുന്ദ് പറഞ്ഞു. രക്തച്ചൊരിച്ചിലിന്റെയും കൊലപാതകങ്ങളുടെയും അപമാനത്തിന്റെയും ആ കാലം അവസാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവര്‍ക്ക് പൊതുമാപ്പ് നല്‍കുമെന്ന് അഖുന്ദ് ആവര്‍ത്തിച്ചു. 2001ലെ യുഎസ് അധിനിവേശത്തെ പിന്തുണച്ചവര്‍ക്കും മാപ്പ് നല്‍കും.
തങ്ങളുടെ മുന്‍കാല ചെയ്തികളുടെ ഭാഗമായി ആരും നടപടി നേരിടേണ്ടിവരില്ല. താലിബാന്‍ അച്ചടക്കമുള്ളവരാണെന്നും ആയുധം അടക്കിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനില്‍ ഒരു ഇസ് ലാമിക സംവിധാനം ഉണ്ടാക്കാനാണ് താലിബാന്റെ ശ്രമം. നല്ല കാര്യങ്ങളുണ്ടാവണമെന്നാണ് ആഗ്രഹം. ജനങ്ങള്‍ക്ക് ക്ഷേമവും വിജയവുമുണ്ടാകണം. ഇക്കാര്യത്തില്‍ എല്ലാവരുടെയും പിന്തുണവേണം.
താലിബാന്‍ ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസമാണ് അഖുന്ദിന്റെ പ്രസ്താവന പുറത്തുവന്നത്. ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച ഭരണകൂടത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കോ സ്ത്രീകള്‍ക്കോ പരിഗണന നല്‍കിയിട്ടില്ല.
33 കാബിനറ്റ് അംഗങ്ങളില്‍ 14 പേര്‍ മുന്‍ താലിബാന്‍ ഉദ്യോഗസ്ഥരും 1996-2001ലെ ഭരണകൂടത്തിന്റെ ഭാഗമായിരുന്നവരുമാണ്. അഞ്ച് പേര്‍ ഗൊണ്ടനാമൊയിലെ മുന്‍തടവകുരാണ്. 12 പേര്‍ പില്‍ക്കാല താലിബാന്‍ പ്രവര്‍ത്തകരാണ്.
സ്ത്രീകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും കാബിനറ്റില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.
ചൈനയും ഉസ്ബക്കിസ്ഥാനും താലിബാനുമായി സഹകരണം അറിയിച്ചുകഴിഞ്ഞു.
യൂറോപ്യന്‍ യൂനിയന്‍, യുഎന്‍ എന്നിവര്‍ തങ്ങളുടെ താല്‍പര്യക്കുറിവ് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് പ്രവൃത്തി നോക്കി തീരുമാനിക്കാമെന്ന നിലപാടിലാണ്.
ആഗസ്ത് 15നാണ് താലിബാന്‍ അഫ്ഗാന്‍ പിടിച്ചത്.