പ്രബന്ധ വിവാദം: ഗവര്‍ണര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി

Update: 2023-01-31 16:34 GMT

തിരുവനന്തപുരം: യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തില്‍ ഗവര്‍ണര്‍ കേരള സര്‍വകലാശാലയോട് വിശദീകരണം തേടി. ചിന്തയുടെ ഗവേഷണ പ്രബന്ധം കോപ്പിയടിയെന്നാണ് പരാതി. ഡോക്ടറേറ്റ് റദ്ദാക്കണമെന്നും ആവശ്യമുണ്ട്. ഈ സാഹചര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് ഗവര്‍ണര്‍ സര്‍വകലാശാലാ വിസിയോട് ചോദിച്ചു. ചിന്തയുടെ പ്രബന്ധത്തിലെ പിഴവുകള്‍, ചില ഭാഗങ്ങള്‍ മറ്റ് പ്രസിദ്ധീകരണങ്ങളില്‍ നിന്ന് പകര്‍ത്തിയതാണ് എന്നിവ ചൂണ്ടിക്കാട്ടി സേവ് യൂനിവേഴ്‌സിറ്റി ഫോറമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

ഇതില്‍ ചൊവ്വാഴ്ച വൈകീട്ടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഗവര്‍ണറുടെ തീരുമാനം. അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍വകലാശാലയും നീക്കം തുടങ്ങിയിട്ടുണ്ട്. പ്രബന്ധം വിദഗ്ധസമിതിയെ കൊണ്ട് നേരിട്ട് പരിശോധിപ്പിക്കാനാണ് സര്‍വകലാശാലയുടേയും നീക്കം. വിദഗ്ധാഭിപ്രായം കൂടി തേടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ അറിയിച്ചു. വിവാദമായ ഗവേഷണ പ്രബന്ധം നേരിട്ട് പരിശോധിക്കാനാവും സര്‍വകലാശാലയുടെ നീക്കം.

Tags:    

Similar News