ഭാരത് ജോഡോ യാത്രയില്‍ ഗുജറാത്തിനെ ഒഴിവാക്കിയതില്‍ കോണ്‍ഗ്രസില്‍ ഭിന്നത

Update: 2022-09-13 11:42 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ റൂട്ടിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. യാത്രയില്‍നിന്ന് ഗുജറാത്തിനെ ഒഴിവാക്കിയതിനെച്ചൊല്ലിയാണ് തര്‍ക്കം നടക്കുന്നത്. തിരഞ്ഞെടുപ്പുനടക്കാനിരിക്കെയാണ് ഗുജറാത്തിനെയും ഹിമാചലിനെയും ഒഴിവാക്കിയിരിക്കുന്നത്.

യാത്രയുടെ ആസൂത്രണം നടക്കുന്ന സമയത്ത് ഗുജറാത്ത് ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം ഗുജറാത്തിനെ ഉള്‍പ്പെടുത്തി യാത്ര ആസൂത്രണം ചെയ്യുക പ്രായോഗികമല്ലെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. കശ്മീരില്‍നിന്ന് കന്യാകുമാരിയിലേക്ക് 150 ദിവസം കൊണ്ടാണ് 3,500 കിലോമീറ്റര്‍ പിന്നിടുക.

അതേസമയം ഗുജറാത്തിനെ യാത്രയില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത നേതാക്കളെ ഉദ്ധരിച്ച് ഏഷ്യന്‍ എയ്ജ് റിപോര്‍ട്ട് ചെയ്തു. 'ഗുജറാത്തില്‍ നിന്ന് നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടു. ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് സാന്നിധ്യം അറിയിക്കുന്നു. പാര്‍ട്ടിക്ക് ഭാരത് ജോഡോ യാത്ര വന്‍ കുതിപ്പ് നല്‍കുമായിരുന്നു. ഈ യാത്ര ആസൂത്രണം ചെയ്ത നേതാക്കള്‍ ഇത് കണക്കിലെടുത്തില്ല എന്നത് ഞെട്ടിക്കുന്നതാണ്'- അദ്ദേഹം പറഞ്ഞു.

ഗുജറാത്തിന് പുറമേ, കിഴക്കന്‍ സംസ്ഥാനങ്ങളെയും യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യാത്രയുടെ പ്രാരംഭഘട്ട വിജയം മനസ്സിലാക്കി തങ്ങളുടെ സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകണമെന്നാണ് അണികളുടെ ആവശ്യം.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും നേതാക്കള്‍ സംഘാടക സമിതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, ഇവ സംഘാടക സമിതി അവഗണിച്ചു. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും നേതാക്കളോട് അതത് സംസ്ഥാനങ്ങളില്‍ സ്വന്തമായി യാത്രകള്‍ നടത്താനും പ്രധാന യാത്രയില്‍ അണിചേരാനും നേതൃത്വം ആവശ്യപ്പെട്ടു.

Tags:    

Similar News