രാജ്യത്തു ഇസ്‌ലാമിക് ബാങ്കിങ് നടപ്പിലാക്കാന്‍ മടിക്കരുത്: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

വികസിത രാജ്യങ്ങളായ ജര്‍മനി, യുകെ, യുഎസ്, ഫ്രാന്‍സ്, സിങ്കപ്പൂര്‍, മിഡില്‍ ഈസ്റ്റ്, സൗത്ത് ഈസ്റ്റ്, യൂറോപ്പ് എന്നിവടിങ്ങളില്‍ എല്ലാം തന്നെ വിജയകരമായി പരീക്ഷിച്ച ഈ ബാങ്കിങ് സംവിധാനത്തെ മുന്‍ ആര്‍ബിഐ ഗവര്‍ണറും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങുമെല്ലാം പ്രകീര്‍ത്തിച്ചിരുന്നു.

Update: 2021-03-24 01:24 GMT

ന്യൂഡല്‍ഹി: വികസിത, വികസ്വര രാജ്യങ്ങള്‍ വളരെ താല്‍പര്യപൂര്‍വ്വം നടപ്പിലാക്കി വരുന്ന ഇസ്‌ലാമിക് ബാങ്കിങ് ഇന്ത്യയില്‍ നടപ്പിലാക്കുന്നതിന് ഒട്ടും മടിക്കേണ്ടതില്ലെന്നു മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഇന്ത്യയില്‍ ഭൗതിക വികാസങ്ങളുടെ ധന മാര്‍ഗത്തിന് ദേശീയ അടിസ്ഥാനത്തില്‍ ബാങ്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടു പാര്‍ലിമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസിത രാജ്യങ്ങളായ ജര്‍മനി, യുകെ, യുഎസ്, ഫ്രാന്‍സ്, സിങ്കപ്പൂര്‍, മിഡില്‍ ഈസ്റ്റ്, സൗത്ത് ഈസ്റ്റ്, യൂറോപ്പ് എന്നിവടിങ്ങളില്‍ എല്ലാം തന്നെ വിജയകരമായി പരീക്ഷിച്ച ഈ ബാങ്കിങ് സംവിധാനത്തെ മുന്‍ ആര്‍ബിഐ ഗവര്‍ണറും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങുമെല്ലാം പ്രകീര്‍ത്തിച്ചിരുന്നു.

സാമ്പത്തിക വിദഗ്ധന്‍മാരും ഇസ്‌ലാമിക് ബാങ്കിങ് സംവിധാനത്തെ പ്രോത്സാഹിപ്പിച്ചതാണ്. ഇസ്‌ലാമിക് ബാങ്കിങ് നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക താത്പര്യം കാണിക്കണം. ഇത്തരം രാജ്യങ്ങളോട് നയതന്ത്ര ബന്ധം കാത്ത് സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇസ്‌ലാമിക് ബാങ്കിങ് വന്നിട്ടുള്ള മിഡില്‍ ഈസ്റ്റ് പോലെയുള്ള രാജ്യങ്ങള്‍ക്കു അവരുടെ ധനസമ്പത്ത് അമേരിക്ക പോലുള്ള വലിയ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമില്ല.

ഇത് ഇന്ത്യയ്ക്കു ഉപയോഗപ്പെടുത്താന്‍ കഴിയും ഇത്തരം ബന്ധനങ്ങളില്ലാത്ത ക്ലീനായ ധനസഹായം ഉപയോഗിക്കുന്നതില്‍ വൈമനസ്യം ഉണ്ടാകേണ്ട കാര്യമില്ല. വികാരത്തിന് പകരം വിവേകത്തത്തോടെ ചിന്തിക്കേണ്ട മേഖലയാണിത്. ഇന്ത്യക്ക് ധാരാളം വികസന സാധ്യതകള്‍ ഉണ്ട്. ഭൗതിക സാഹചര്യങ്ങളുടെ ആവശ്യവും ഉണ്ട്. പക്ഷേ അതിന് വിദേശ മൂലധന നിക്ഷേപവും അല്ലെങ്കില്‍ വന്‍കിട സ്ഥാപനങ്ങളുടെ നിക്ഷേപവും സ്വീകരിക്കുമ്പോള്‍ കാത്ത് സൂക്ഷിക്കേണ്ട സുരക്ഷാ നടപടികളില്‍ ലംഘനം ഉണ്ടായിക്കൂട.

1991 മുതല്‍ ആഗോള, ഉദാര, സ്വകാര്യ വത്കരണങ്ങളുടെ മാര്‍ഗം ആരംഭിച്ചപ്പോള്‍ ഇന്ത്യ നല്ല കരുതലോട് കൂടിയാണ് പോയത്. ഇവക്കെല്ലാം ഇടയില്‍ രാജ്യത്തിന്റെ താത്പര്യം മുന്‍ നിര്‍ത്തിയാണ് എല്ലാ പദ്ധതികളും നടത്തി കൊണ്ടു പോയത്. അതില്‍ ദീര്‍ഘ വീക്ഷണവും നിശ്ചയദാര്‍ഢ്യവും ഇന്ത്യക്ക് ഉണ്ടായിരുന്നു. എന്നാല്‍, സമീപ കാലത്ത് ഇന്ത്യന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മങ്ങലേല്‍ക്കുകയും ബഹുരാഷ്ട്ര കുത്തകള്‍ക്കും മറ്റും കൂടുതല്‍ പ്രമുഖ്യം വരികയും ചെയ്ത ഒരു പ്രവണത ദൃശ്യമാണ്. ഏത് നയ പരിപാടികള്‍ അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാക്കുകയാണെങ്കിലും അതില്‍ രാജ്യത്തിന്റെ ആഭ്യന്തര താത്പര്യങ്ങള്‍ ഏറ്റവും അധികം പരിഗണക്കപ്പെടേണ്ടതാണ്.

ഇപ്പോള്‍ രൂപീകരിക്കുന്ന ഈ ബാങ്കില്‍ ആദ്യ ഘട്ടത്തില്‍ ഇന്ത്യയുടെ ഉടമസ്ഥാവാകാശം നൂറ് ശതമാനമാണ് പിന്നീട് കുറച്ച്‌കൊണ്ട് വന്ന് 26 ശതമാനം വരെയാകും എന്ന് ബില്ലില്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ഉടമസ്ഥാവകാശം 100 ശതമാനം ഉള്ളപ്പോള്‍ നല്‍കിയിരുന്ന അധികാരങ്ങളും മറ്റും 26 ശതമാനത്തിലേക്ക് എത്തുമ്പോള്‍ ഏതെല്ലാം എങ്ങനെയല്ലാം ഉണ്ടാവുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ബുദ്ധിമുട്ടാവും. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. അതിനായി സര്‍ക്കാര്‍ സത്യസന്ധമായി മുന്നോട്ട്‌വരണമെന്നും എംപി പറഞ്ഞു.

Tags:    

Similar News