'ബിജെപിക്ക് വോട്ട് ചെയ്ത് ഇടതിനെ വിജയിപ്പിക്കരുത്' ; തൃപ്പൂണിത്തുറയില്‍ ശബരിമല കര്‍മ്മ സമിതിയുടെ പേരില്‍ പോസ്റ്റര്‍

പോസ്റ്ററുകള്‍ സംബന്ധിച്ച് അറിയില്ലെന്നാണ് ശബരിമല കര്‍മ സമിതി നേതാക്കള്‍ പറയുന്നത്.

Update: 2021-04-05 12:22 GMT

കൊച്ചി: ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തറയില്‍ ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചു. 'ബിജെപിക്ക് വോട്ട് ചെയ്ത് ഇടതിനെ ജയിപ്പിക്കരുത്' എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഡോ കെ.എസ് രാധാകൃഷ്ണന്റെ പോസ്റ്ററുകള്‍ക്ക് സമീപത്താണ് ഈ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരത്തും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. വീടുകളില്‍ കയറിയും ഇത് പ്രചരിപ്പിച്ചു.


പോസ്റ്ററുകള്‍ സംബന്ധിച്ച് അറിയില്ലെന്നാണ് ശബരിമല കര്‍മ സമിതി നേതാക്കള്‍ പറയുന്നത്. ഇത് യുഡിഎഫാണ് ചെയ്തതെന്നും യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബുവിനെതിരേ പരാതി നല്‍കുമെന്നും ബി ജെ പി സ്ഥാനാര്‍ഥി ഡോ. കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബാബുവും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. ബി.ജെ.പി വോട്ടുകള്‍ സ്വന്താക്കാനുള്ള യുഡിഎഫ് ശ്രമമാണിതെന്നാണ് ബിജെപിയുടെ ആരോപണം. അഞ്ച് തിരഞ്ഞെടുപ്പുകളില്‍ കെ ബാബു തുടര്‍ച്ചയായി ജയിച്ചുവന്ന തൃപ്പൂണിത്തുറയില്‍ 2016 ല്‍ എം സ്വരാജ് 4467 വോട്ടുകള്‍ക്ക് ബാബുവിനെ പരാജയപ്പെടുത്തിയിരുന്നു.




Tags:    

Similar News