ഒറ്റരാത്രി കൊണ്ട് വീടുകള്‍ ബുള്‍ഡോസ് ചെയ്യരുത്; വീട്ടുടമക്ക് 25 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് ഉത്തരവിട്ട് സുപ്രിം കോടതി

അനധികൃതമായി പൊളിച്ചതിന് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന് യുപി സര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു

Update: 2024-11-06 09:21 GMT

ന്യൂഡല്‍ഹി: ഒറ്റരാത്രികൊണ്ട് വീടുകള്‍ ബുള്‍ഡോസ് ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രിം കോടതി. മഹാരാജ്ഗഞ്ച് ജില്ലയിലെ മനോജ് തിബ്രേവാളിന്റെ വീട് തകര്‍ത്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ 2020-ല്‍ രജിസ്റ്റര്‍ ചെയ്ത റിട്ട് ഹരജി പരിഗണിക്കവെയായിരുന്നു കോടതി വിധി. അനധികൃതമായി പൊളിച്ചതിന് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന് യുപി സര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി ആരംഭിക്കാനും കോടതി നിര്‍ദ്ദേശിച്ചു. എത്ര വലിയ കയ്യേറ്റമാണെങ്കിലും ഒരറിയിപ്പുമില്ലാതെ ഒരു രാത്രി കൊണ്ട് ഒരു വീടും പൊളിച്ചു നീക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

'നിങ്ങള്‍ക്ക് ഒറ്റരാത്രികൊണ്ട് ബുള്‍ഡോസറുകളുമായി വന്ന് വീടുകള്‍ പൊളിക്കാന്‍ കഴിയില്ല. കുടുംബത്തിന് ഒഴിഞ്ഞുമാറാന്‍ നിങ്ങള്‍ സമയം നല്‍കുന്നില്ല. വീട്ടുപകരണങ്ങളുടെ കാര്യത്തിലൊക്കെ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്' ജസ്റ്റിസ് പര്‍ദിവാല കൂട്ടിച്ചേര്‍ത്തു.

ഏറ്റവും ഉയര്‍ന്ന നിലയില്‍ 3.70 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കയ്യേറ്റമുണ്ടെങ്കിലും വീട് മുഴുവന്‍ പൊളിച്ചുനീക്കുന്നത് ന്യായമല്ലെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ (എന്‍എച്ച്ആര്‍സി) റിപോര്‍ട്ടിനെ ബെഞ്ച് ആധാരമാക്കി. ഹരജിക്കാരന് ഇടക്കാല നഷ്ടപരിഹാരം നല്‍കാനും ഹരജിക്കാരന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല ശിക്ഷാ നടപടി സ്വീകരിക്കാനും എന്‍എച്ച്ആര്‍സി ശുപാര്‍ശ ചെയ്തു. കൈയേറ്റങ്ങള്‍ തിരിച്ചറിയാന്‍ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അനധികൃത പൊളിക്കലിന് ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ അന്വേഷണം നടത്താനും അച്ചടക്ക നടപടികള്‍ ആരംഭിക്കാനും കോടതി യുപി ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. നിയമവിരുദ്ധമായ നടപടികള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാനത്തിനും സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഒരു മാസത്തിനകം നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഉത്തരവുണ്ട്. റോഡ് വീതികൂട്ടല്‍ പദ്ധതികള്‍ക്കായി സ്ഥലം ഒഴിപ്പിക്കുന്നതിന് മുമ്പ് സംസ്ഥാന അധികാരികള്‍ പാലിക്കേണ്ട നടപടികളും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിധിയുടെ പകര്‍പ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.

Tags:    

Similar News