ഡോ. കഫീല്‍ ഖാന് മറ്റൊരു കേസില്‍ വീണ്ടും സസ്‌പെന്‍ഷനെന്ന് യുപി സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയില്‍

Update: 2021-08-13 13:35 GMT

പ്രയാഗ്‌രാജ്: ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ഖാന്റെ സസ്‌പെന്‍ഷന്‍ മറ്റൊരു കേസിലെ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് തുടരുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു.

ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ഓഫിസുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിനിടയിലാണ് 2017 ആഗസ്റ്റില്‍ കഫീല്‍ഖാനെ അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയിലെ ഓക്‌സിജന്‍ ലഭ്യതക്കുറവിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്. ഖരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുമ്പോഴാണ് കഫീല്‍ഖാനെ യോഗി സര്‍ക്കാര്‍ പുറത്താക്കുന്നത്.

ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ശിശുരോഗവിദഗധനായി ജോലി ചെയ്യുമ്പോള്‍ ഓക്‌സിജന്‍ ഇല്ലാത്ത സാഹചര്യത്തില്‍ സ്വന്തം പണം ഉപയോഗിച്ച് സിലിണ്ടറുകള്‍ എത്തിച്ച് അറുപതോളം കുട്ടികളുടെ ജീവന്‍ രക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതേ തുടര്‍ന്നാണ് ഓക്‌സിജന്‍ ഇല്ലാതായതിന്റെ ഉത്തരാവദിത്തം കഫീല്‍ഖാനാണെന്ന് ആരോപിച്ച് സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കിയത്. കഫീല്‍ഖാനെതിരേയുള്ള സര്‍ക്കാരിന്റെ പീഡനം ആഗോള തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു.

നേരത്തെയുള്ള സസ്‌പെന്‍ഷന്‍ ഉത്തരവിനു പുറമെ മറ്റൊരു കേസില്‍ കൂടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം നടപടികള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ലെന്നും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും അഡ്വ. ജനറല്‍ മനീഷ് ഗോയല്‍ കോടതിയെ അറിയിച്ചു.

2017 ആഗസ്റ്റ് 22 മുതല്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തതിനെ ചോദ്യംചെയ്ത് കഫീല്‍ ഖാന്‍ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ പുതിയ വാദവുമായി രംഗത്തുവന്നത്.

ഫെബ്രുവരി 24, 2020ന് തുടര്‍ അന്വേഷണം പ്രഖാപിച്ചതായി സര്‍ക്കാര്‍ 2021 ആഗസ്റ്റ് 6ന് കോടതിയെ അറിയിച്ചിരുന്നു.

പറയാനുള്ളത് സത്യവാങ് മൂലമായി രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ആഗസ്റ്റ് 22, 2017നാണ് കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തത്. കേസ് ആഗസ്റ്റ് 31ന് വീണ്ടും പരിഗണിക്കും.

ആഗസ്ത് 2017ലെ സസ്‌പെന്‍ഷന്‍ ഉത്തരവിനെയും കഫീല്‍ഖാന്‍ ചോദ്യം ചെയ്തു. നേരത്തെ ഈ കേസില്‍ ഒമ്പത് പേര്‍ക്കെതിരേയാണ് സസ്‌പെന്‍ഷന്‍ ഉത്തരവിട്ടിരുന്നതെന്നും എന്നാല്‍ അതില്‍ ഏഴ് പേരെ തിരിച്ചെടുത്തെന്നും കഫീല്‍ഖാന്‍ വാദിക്കുന്നു. 

Tags:    

Similar News