അണ്ടിമുക്ക് ശാഖയിലെ ആര്‍എസ്എസുകാരെപ്പോലും ചിരിപ്പിക്കും; രാജ്‌നാഥ് സിങിന്റെ പരാമര്‍ശത്തില്‍ തോമസ് ഐസക്
ഗാന്ധിജിയുടെ അനുമതിയോടെയാണ് സവര്‍ക്കര്‍ ഗാന്ധിവധം ആസൂത്രണം ചെയ്തതെന്ന് ഇതേ നാവുകള്‍ പറയുന്ന കാലം അതിവിദൂരമല്ലെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു
തിരുവനന്തപുരം: അണ്ടിമുക്ക് ശാഖയിലെ ആര്‍എസ്എസുകാരെപ്പോലും ചിരിപ്പിക്കുന്നതാണ് രാജ്‌നാഥ് സിങിന്റെ ബഡായി എന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഡോ. ടിഎം തോമസ് ഐസക്.
തന്നെ വധിക്കാന്‍ ഗോഡ്‌സെയ്ക്ക് നിര്‍ദ്ദേശം നല്‍കാന്‍ സവര്‍ക്കറോട് ആവശ്യപ്പെട്ടത് സാക്ഷാല്‍ ഗാന്ധിജി തന്നെയായിരുന്നു'-ഗാന്ധിജിയെക്കുറിച്ച് ഈയൊരു വാചകം മാത്രമേ ഇനി സംഘപരിവാര നേതാക്കള്‍ പറയാന്‍ ബാക്കിയുള്ളൂ. താമസം വിനാ അവരുടെ വായില്‍ നിന്ന് അതും നാം കേള്‍ക്കും. ബാക്കിയെല്ലാം പറഞ്ഞു കഴിഞ്ഞു. ഗാന്ധിജിയുടെ അനുമതിയോടെയാണ് സവര്‍ക്കര്‍ ഗാന്ധിവധം ആസൂത്രണം ചെയ്തതെന്നും ഇതേ നാവുകള്‍ പറയുന്ന കാലം അതിവിദൂരമല്ലെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
1911 മുതല്‍ 1921 വരെയാണ് സവര്‍ക്കറുടെ ജയില്‍ ജീവിതം. 1911 ജൂലൈ 4നാണ് ആദ്യ ജയില്‍വാസം ആരംഭിക്കുന്നത്. ആറു മാസത്തിനകം ആദ്യത്തെ മാപ്പപേക്ഷ. 1913 നവംബര്‍ 14ന് രണ്ടാമത്തേത്. 1914, 1917, 1920 വര്‍ഷങ്ങളില്‍ പിന്നെയും മാപ്പപേക്ഷ. ഗാന്ധി സ്വാതന്ത്ര്യ പോരാട്ടത്തിലേക്ക് വരുമ്പോഴേക്കും സവര്‍ക്കറുടെ എല്ലാ മാപ്പപേക്ഷകളും സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
ഇക്കാലത്ത് സവര്‍ക്കറെ ഗാന്ധിജിയ്ക്ക് പരിചയമുണ്ടായിരുന്നു എന്നു സ്ഥാപിക്കാന്‍ ഒരു രേഖയും ലഭ്യമല്ലെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
തന്നെ വധിക്കാന്‍ ഗോഡ്‌സെയ്ക്ക് നിര്‍ദ്ദേശം നല്‍കാന്‍ സവര്‍ക്കറോട് ആവശ്യപ്പെട്ടത് സാക്ഷാല്‍ ഗാന്ധിജി തന്നെയായിരുന്നു'. ഗാന്ധിജിയെക്കുറിച്ച് ഈയൊരു വാചകം മാത്രമേ ഇനി സംഘപരിവാരത്തിന്റെ നേതാക്കള്‍ പറയാന്‍ ബാക്കിയുള്ളൂ. താമസം വിനാ അവരുടെ വായില്‍ നിന്ന് അതും നാം കേള്‍ക്കും. ബാക്കിയെല്ലാം പറഞ്ഞു കഴിഞ്ഞു.
മേല്‍പ്പറഞ്ഞ പ്രസ്താവനയിലേയ്ക്കുള്ള ദൂരമാണ് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം വെട്ടിച്ചുരുക്കിയത്. ജയില്‍ മോചനത്തിന് സവര്‍ക്കര്‍ ബ്രിട്ടീഷ് അധികാരികളോട് പലതവണ മാപ്പ് ഇരന്നത് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശാനുസരണമായിരുന്നുവത്രേ. സമാധാന പന്ഥാവിലൂടെ മാത്രമേ സവര്‍ക്കറും പ്രവര്‍ത്തിക്കൂ എന്ന് ഗാന്ധിജി ഉറപ്പു നല്‍കിയിരുന്നുപോലും. ഗാന്ധിജി ഇന്ത്യക്ക് ഒഴിച്ചുകൂടാനാകാത്ത ആവശ്യകതയാണെന്നും അതിനാല്‍ ഗാന്ധിജിയുടെ ആരോഗ്യം നല്ലനിലയില്‍ നിലനിര്‍ത്തണമെന്നും സവര്‍ക്കര്‍ നിര്‍വ്യാജമായി കാംക്ഷിച്ചിരുന്നുപോലും. ഗാന്ധിജിയുടെ അനുമതിയോടെയാണ് സവര്‍ക്കര്‍ ഗാന്ധിവധം ആസൂത്രണം ചെയ്തത് എന്നും ഇതേ നാവുകള്‍ പറയുന്ന കാലം അതിവിദൂരമല്ല.
എത്ര കഴുകിക്കളഞ്ഞിട്ടും ഗാന്ധിവധത്തിന്റെ ചോരക്കറ തങ്ങളുടെ കൈകളില്‍ നിന്ന് മായുന്നില്ല എന്ന് സംഘപരിവാരത്തിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണല്ലോ ഇമ്മാതിരി നുണകള്‍ അടിച്ചു വിടുന്നത്. നുണകളുടെ സമുദ്രത്തില്‍ നീന്തിത്തുടിക്കുന്തോറും ഗാന്ധിജിയുടെ ചോരക്കറ അവരുടെ കൈകളില്‍ കൂടുതല്‍ തെളിയുകയേ ഉള്ളൂ.
അണ്ടിമുക്ക് ശാഖയിലെ ആര്‍എസ്എസുകാരെപ്പോലും ചിരിപ്പിക്കുന്നതാണ് രാജ്‌നാഥ് സിംഗിന്റെ ബഡായി. 1911 മുതല്‍ 1921 വരെയാണ് സവര്‍ക്കറുടെ ജയില്‍ ജീവിതം. 1911 ജൂലൈ 4നാണ് ആദ്യ ജയില്‍വാസം ആരംഭിക്കുന്നത്. ആറു മാസത്തിനകം ആദ്യത്തെ മാപ്പപേക്ഷ. 1913 നവംബര്‍ 14ന് രണ്ടാമത്തേത്. 1914, 1917, 1920 വര്‍ഷങ്ങളില്‍ പിന്നെയും മാപ്പപേക്ഷ.
ഗാന്ധിജി ഇന്ത്യയിലെത്തിയത് 1915ന്. മൂന്നു വര്‍ഷവും കൂടിയെടുത്തു അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യസമരങ്ങളില്‍ നേതൃത്വത്തിലേയ്ക്ക് ഉയരാന്‍. അപ്പോഴേയ്ക്കും സവര്‍ക്കറുടെ എല്ലാ മാപ്പപേക്ഷകളും സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇക്കാലത്ത് സവര്‍ക്കറെ ഗാന്ധിജിയ്ക്ക് എന്തെങ്കിലും പരിചയമെങ്കിലുമുണ്ടായിരുന്നു എന്നു സ്ഥാപിക്കാന്‍ ഒരു രേഖയും ലഭ്യമല്ല. എന്നിട്ടും ഇങ്ങനെയൊക്കെ തട്ടിവിടണമെങ്കില്‍ ഗാന്ധിജിയുടെ ഓര്‍മ്മകള്‍ രാജ്‌നാഥ് സിംഗിനെയും കൂട്ടരെയും ഈ കാലത്തും എത്രകണ്ട് ഭയപ്പെടുത്തുന്നുവെന്ന് മനസിലാക്കാം.
ഗോഡ്‌സെയും സവര്‍ക്കറും തമ്മിലുണ്ടായിരുന്ന ആത്മബന്ധം ഗാന്ധിവധത്തിന്റെ ചരിത്രം പഠിച്ചവര്‍ക്കെല്ലാം ബോധ്യമാകുന്നതാണ്. സവര്‍ക്കറുടെ ജീവചരിത്രത്തില്‍ ധനഞ്ജയ് കീര്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. ഗോഡ്‌സെയും നാരായണന്‍ ആപ്തയ്ക്കും തൂക്കുമരവും മറ്റ് അഞ്ചുപേര്‍ക്ക് ജീവപര്യന്തവും വിധിച്ചും, സവര്‍ക്കറെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചും വിധി പ്രസ്താവിച്ച് സ്‌പെഷ്യല്‍ ജഡ്ജി ആത്മ ചരണ്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ നിമിഷത്തില്‍, പ്രതിക്കൂട്ടില്‍ നിന്ന എല്ലാവരും സവര്‍ക്കറുടെ പാദങ്ങില്‍ വീണു. ഗോഡ്‌സെയ്ക്കും സഹകൊലയാളികള്‍ക്കും ഗുരുതുല്യനായിരുന്നു സവര്‍ക്കര്‍.
ഗോഡ്‌സെയെയും നാരായണന്‍ ആപ്‌തെയെയും താന്‍ ഒരു വര്‍ഷത്തോളമായി കണ്ടിട്ടേയില്ലെന്നാണ് സവര്‍ക്കര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ സവര്‍ക്കറുടെ സെക്രട്ടറി ഗജനന്‍ ഡാംലെ, അംഗരക്ഷകന്‍ അപ്പ കസാര്‍ എന്നിവരുടെ മൊഴി അനുസരിച്ച് ഗാന്ധി വധം നടന്ന അതേ ജനുവരിയില്‍ രണ്ടു തവണയായി ഇവര്‍ സവര്‍ക്കറെ വീട്ടിലെത്തി സന്ദര്‍ശിച്ചിട്ടുണ്ട്. ഇവരെ രണ്ടുപേരെയും വിസ്തരിച്ചില്ല എന്നതാണ് ഗാന്ധിവധത്തിന്റെ വിചാരണയിലെ ഏറ്റവും വിചിത്രമായ സംഗതി. ഇവരെ വിചാരണ ചെയ്യുകയും മൊഴി സാധൂകരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഒരിക്കലും സവര്‍ക്കര്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടുമായിരുന്നില്ല.
ഗാന്ധിവധക്കേസില്‍ ജീവപര്യന്തം ശിക്ഷപ്പെട്ട ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ 1964ലാണ് ജയില്‍ മോചിതനായത്. സവര്‍ക്കര്‍ അനുകൂലികള്‍ ഇയാള്‍ക്ക് പൂനെയില്‍ ഒരു വലിയ സ്വീകരണം നല്‍കി. ആ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് തരുണ്‍ ഭാരത് എന്ന ആര്‍എസ്എസ് അനുകൂല മറാത്തി പത്രത്തിന്റെ എഡിറ്റര്‍ ജി വി ഖേദു്കര്‍ നടത്തിയ പ്രസ്താവന വലിയ കോലാഹലമുണ്ടാക്കി. ഗോഡ്‌സെയെ ഗാന്ധിവധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ താന്‍ ശ്രമിച്ചുവെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. പദ്ധതി മുന്‍കൂട്ടി അറിയാതെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാന്‍ കഴിയില്ലല്ലോ. സ്വാഭാവികമായും ഈ പ്രസ്താവന പാര്‍ലമെന്റിനകത്തും പുറത്തും വലിയ ഒച്ചപ്പാടുണ്ടാക്കി. അങ്ങനെയാണ് ഗാന്ധിവധത്തിന്റെ സൂത്രധാരന്മാരെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജീവന്‍ലാല്‍ കപൂറിനെ ചുമതലപ്പെടുത്തിയത്. സവര്‍ക്കറും സംഘവുമല്ലാതെ മാറ്റാരുമല്ല ഈ ഗൂഢാലോചന നടത്തിയത് എന്നായിരുന്നു ആ കമ്മിഷന്റെ കണ്ടെത്തല്‍.
ഗാന്ധിവധത്തിന്റെ ശിക്ഷയില്‍ നിന്ന് തികച്ചും സാങ്കേതികമായ കാരണങ്ങളാല്‍ രക്ഷപെട്ടുവെങ്കിലും ആ കുറ്റകൃത്യം ആസൂത്രണം ചെയ്തതില്‍ സവര്‍ക്കറുടെ പങ്ക് ഉറപ്പിക്കുന്ന അസംഖ്യം തെളിവുകളും മൊഴികളും രാജ്യത്തിന്റെ മുന്നിലുണ്ട്. രാജ്‌നാഥ് സിംഗിനെപ്പോലുള്ളവരുടെ ബഡായികള്‍ കൊണ്ട് മാഞ്ഞുപോകുന്ന തെളിവുകളല്ല അവ. സവര്‍ക്കറെ വെള്ളപൂശി വിശുദ്ധനാക്കാന്‍ ശ്രമിക്കുന്തോറും ഗാന്ധിവധത്തില്‍ ആര്‍എസ്എസിന്റെയും സംഘപരിവാരത്തിന്റെയും പങ്ക് കൂടുതല്‍ കൂടുതല്‍ തെളിയുക തന്നെ ചെയ്യും.