മുംബൈക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് സമനില
ഏഴ് കളിയില്‍ ആറ് പോയിന്റുമായി എട്ടാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. മുംബൈ സിറ്റി ഏഴ് പോയിന്റുമായി ആറാമത്.
മുംബൈ: പൊരുതിക്കളിച്ച കേരള ബ്ലാസ്‌റ്റേഴ്‌സിന് ഐഎസ്എലില്‍ മുംബൈ സിറ്റിക്കെതിരെ സമനില. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. ആവേശകരമായ പോരാട്ടമായിരുന്നു. റാഫേല്‍ മെസി ബൗളിയുടെ ഒന്നാന്തരം ഗോളിലൂടെ 75 ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. 77 ാം മിനിറ്റില്‍ മുംബൈ സമനില പിടിച്ചു. അമിനെ ചെര്‍മിറ്റി മുംബൈയുടെ സമനില ഗോളടിച്ചു. പലപ്പോഴും നിര്‍ഭാഗ്യമാണ് ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞത്. മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളെന്ന് ഉറപ്പിച്ച നിരവധി ഷോട്ടുകളെ തടുത്തു. ഏഴ് കളിയില്‍ ആറ് പോയിന്റുമായി എട്ടാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. മുംബൈ സിറ്റി ഏഴ് പോയിന്റുമായി ആറാമത്.
ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ നായകന്‍ ബര്‍തലോമിയോ ഒഗ്‌ബെച്ചെ ഇറങ്ങിയില്ല. റാഫേല്‍ മെസി ബൗളി മുന്നേറ്റത്തില്‍നിന്നു. സെര്‍ജിയോ സിഡോഞ്ച, കെ പ്രശാന്ത്, സഹല്‍ അബ്ദുള്‍ സമദ്, സെയ്ത്യാസെന്‍ സിങ്, ജീക്‌സണ്‍ സിങ് എന്നിവര്‍ മധ്യനിരയില്‍. പ്രതിരോധത്തില്‍ വ്‌ലാട്‌കോ ഡ്രൊബറോവ്, ജെസെല്‍ കര്‍ണെയ്‌റോ, രാജു ഗെയ്ക്ക്‌വാദ്, മുഹമ്മദ് റാകിപ് എന്നിവര്‍. ഗോള്‍വലയ്ക്ക് മുന്നില്‍ ടി പി രെഹ്‌നേഷ്.
മുംബൈ സിറ്റിയുടെ മുന്‍നിരയില്‍ അമിനെ ചെര്‍മിറ്റി. മോദു സോഗുവായിരുന്നു മുന്നേറ്റത്തില്‍ ചെര്‍മിറ്റിയുടെ പങ്കാളി. മുഹമ്മദ് ലാര്‍ബി, റെയ്‌നിയെര്‍ ഫെര്‍ണാണ്ടസ്, പൗളോ മച്ചാഡോ, റൗളിന്‍ ബോര്‍ജസ് എന്നിവരെത്തി. പ്രതീക് ചൗധരി, മാറ്റോ ഗ്രിജിച്ച്, സുഭാശിഷ് ബോസ്, സാര്‍ഥക് ഗൊലുയി എന്നിവര്‍ പ്രതിരോധത്തില്‍നിന്നു. ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ്.
കളി തുടങ്ങി ആദ്യ നിമിഷംതന്നെ ബ്ലാസ്‌റ്റേഴ്‌സ് ഗോളിന് അടുത്തെത്തി. ജെസെല്‍ കര്‍ണെയ്‌റോയുടെ കോര്‍ണര്‍കിക്ക് ഗോള്‍ മുഖത്തേക്കെത്തിയെങ്കിലും കാര്യമുണ്ടായില്ല. പിന്നാലെ സിഡോഞ്ചയുടെ ഫ്രീകിക്ക് ബാറിന് മുകളിലൂടെ പറന്നു. സഹലും റാകിപും ചേര്‍ന്ന് നടത്തിയ നീക്കം സാര്‍ഥക് ഗൊലുയി തടഞ്ഞു. ബ്ലാസ്‌റ്റേഴ്‌സ് നിരന്തരം മുംബൈ ഗോള്‍ മേഖലയിലേക്ക് ആക്രമണം നടത്തി. മെസി ബൗളി മുംബൈ പ്രതിരോധത്തെ പരീക്ഷിച്ചു.
കളിയുടെ 19 ാം മിനിറ്റില്‍ മുംബൈ ഫോര്‍വേഡ് അമിനെ ചെര്‍മിറ്റിയെ വീഴ്ത്തിയതിന് പ്രതിരോധതാരംഡ്രൊബറോവിന് മഞ്ഞക്കാര്‍ഡ് കിട്ടി. 24 ാം മിനിറ്റില്‍ മുംബൈയുടെ റെയ്‌നിയെര്‍ ഫെര്‍ണാണ്ടസും മഞ്ഞക്കാര്‍ഡ് കണ്ടു. സെയ്ത്യാസെനെ ഫൗള്‍ ചെയ്തതിനായിരുന്നു കാര്‍ഡ്.
25 ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ നീക്കമുണ്ടായി. സെയ്ത്യാസന്റെ ക്രോസില്‍ മെസി ബൗളി ബോക്‌സില്‍വച്ച് സിസര്‍ കട്ടിലൂടെ ഷോട്ട് തൊടുത്തു. മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദറിന്റെ തകര്‍പ്പന്‍ സേവ് ബൗളിയെ തടഞ്ഞപ്പോള്‍ ആരാധകര്‍ തലയില്‍ കൈവച്ചു. 33 ാം മിനിറ്റില്‍ കര്‍ണെയ്‌റോയുടെ പാസില്‍ സെയ്ത്യാസെന്‍ ഷോട്ട് പായിച്ചെങ്കിലും അമരീന്ദര്‍ സേവ് ചെയ്തു. മുംബൈയും ഇടയ്ക്ക് മുന്നേറ്റം നടത്തി. മോദു സോഗുവിന്റെ കനത്ത അടി രെഹ്‌നേഷ് തട്ടിയകറ്റി. 42 ാം മിനിറ്റിലും സോഗുവിനെ രെഹ്‌നേഷ് തടഞ്ഞു. ആദ്യപകുതി ഗോളില്ലാതെ അവസാനിച്ചു.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ മെസി ബൗളിയുടെ ഗോളിലേക്കുള്ള നീക്കത്തെ മുംബൈ ഡിഫന്‍ഡര്‍ പ്രതീക് ചൗധരി തടയിട്ടു.
ഗോള്‍ കീപ്പര്‍ ടി പി രെഹ്‌നേഷിന്റെ പ്രകടനങ്ങളായിരുന്നു തുടര്‍ന്നുള്ള നിമിഷങ്ങളില്‍ മുംബൈയെ തടഞ്ഞത്. വലയ്ക്ക് മുന്നില്‍ ഒന്നാന്തരം പ്രകടനം രെഹ്‌നേഷ് പുറത്തെടുത്തു. ബിപിന്‍ സിങ്ങിനെയും അമിനെ ചെര്‍മിറ്റിയെയും വലയ്ക്കരിലേക്ക് അടുപ്പിച്ചില്ല.
75 ാം മിനിറ്റില്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. മെസി ബൗളിയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍. ജീക്‌സണ്‍ സിങ്ങിന്റെ അടി അമരീന്ദര്‍ തട്ടിയകറ്റി. കര്‍ണെയ്‌റോയ്ക്കാണ് കിട്ടിയത്. കര്‍ണെയ്‌റോയുടെ ക്രോസ് ബോക്‌സില്‍ മെസി ബൗളിക്ക്. മികച്ച ഷോട്ടായിരുന്നു മെസി ബൗളിയുടേത്.
മുംബൈ പെട്ടെന്നുതന്നെ തിരിച്ചടിച്ചു. അപ്രതീക്ഷിത ആക്രമണമായിരുന്നു. ചെര്‍മിറ്റിയുടെ ഷോട്ട് രെഹ്‌നേഷിന് പൂര്‍ണമായും കൈപ്പടിയിലൊതുക്കാനായില്ല. സമനില ഗോള്‍ വീണു. അവസാന നിമിഷങ്ങളില്‍ പൊരുതിക്കളിച്ചെങ്കിലും വിജയഗോള്‍ നേടാനായില്ല.
പതിമൂന്നിന് ജംഷഡ്പൂര്‍ എഫ്‌സിയുമായി ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കളിക്കും.