ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ഹരജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും.
ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരുമടക്കം നല്‍കിയ നാല് ഹരജികളിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവ് പറയുക. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സര്‍ക്കാറിന് നിയമത്തില്‍ മാറ്റം വരുത്താന്‍ ആകില്ലെന്നുമാണ് ഹരജിക്കാരുടെ പ്രധാന വാദം.
ഈ സാഹചര്യത്തില്‍ 4/2024 സര്‍ക്കുലര്‍ റദ്ദാക്കണമെന്നും ഹരജിയില്‍ വിധി വരുന്നത് വരെ സര്‍ക്കുലര്‍ സ്‌റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. എന്നാല്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിന്റെ ചുവട് പിടിച്ചാണ് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കോടതിയെ അറിയിച്ചത്. ഗിയര്‍ ഇല്ലാത്ത ഇരുചക്ര വാഹനം ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നതും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നതും കാര്യക്ഷമത കൂട്ടാനാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.