അര്‍ജുനെ കണ്ടെത്താന്‍ ഡ്രഡ്ജര്‍ എത്തുന്നു; തിരച്ചില്‍ അടുത്തയാഴ്ച പുനരാരംഭിക്കുമെന്ന് സൂചന

Update: 2024-08-30 11:18 GMT
അര്‍ജുനെ കണ്ടെത്താന്‍ ഡ്രഡ്ജര്‍ എത്തുന്നു;  തിരച്ചില്‍  അടുത്തയാഴ്ച പുനരാരംഭിക്കുമെന്ന് സൂചന

ഷിരൂര്‍: കര്‍ണാടയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ഡ്രഡ്ജര്‍ എത്തുന്നു. ഗംഗാവലി പുഴയില്‍ അര്‍ജുനും ലോറിക്കുമായി ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ പുനരാരംഭിക്കും. അടുത്തയാഴ്ച ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടങ്ങാനാണ് സാധ്യത. തിരച്ചില്‍ തുടരാന്‍ ഉത്തരകന്നഡ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. നാവിക സേന കഴിഞ്ഞ ദിവസം ഗംഗാവലി പുഴയിലെ അടിയൊഴുക്ക് പരിശോധിച്ച് റിപോര്‍ട്ട് നല്‍കിയിരുന്നു. അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രഡ്ജറിന്റെ സഹായത്തോടെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പു നല്‍കിയിരുന്നു. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലിനാണ് ഏകോപന ചുമതല നല്‍കിയിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 16ാം തീയതിയായിരുന്നു ഗംഗാവലി പുഴയിലെ തിരച്ചില്‍ നാവിക സേന നിര്‍ത്തി വെച്ചത്.

ഓഗസ്റ്റ് 16 ന് തിരച്ചില്‍ നിര്‍ത്തിവെക്കുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ അടിയൊഴുക്ക് ഇപ്പോള്‍ പുഴയില്‍ ഉള്ളതായാണ് വിവരം. അടിയൊഴുക്ക് ശക്തമായതിനാല്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നതായിരുന്നു തിരച്ചിലിനു തടസം നില്‍ക്കുന്ന ഘടകം. ജൂലൈ 16 നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തില്‍ 11പേര്‍ മരണപ്പെട്ടിരുന്നു. അതിനിടയില്‍ അര്‍ജുന്റെ മൃതദേഹം ലഭിച്ചു എന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അര്‍ജുന്റെ മൃതദേഹം എന്ന തരത്തില്‍ പ്രചരിച്ച ഷിരൂരില്‍ നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ചിത്രം മറുഭാഗത്തെ മാടങ്കരി എന്ന ഗ്രാമത്തിലുള്ള സെന്നിഗൗഡ എന്ന സ്ത്രീയുടേതായിരുന്നു.

Tags:    

Similar News