ജിസിസി യാത്രികര്‍ക്ക് കൊവിഡ് ടെസ്റ്റ് ആവശ്യമില്ലെന്ന് ദുബയ്
സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍നിന്ന് ദുബയിലേക്ക് വരുന്നവര്‍ വിമാനം കയറുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വെബ്‌സൈറ്റില്‍ വിശദമാക്കി.
ദുബയ്: ജി.സി.സി രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് ദുബയ് എയര്‍പോര്‍ട്‌സ് അറിയിച്ചു. കോവിഡ് 19 കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററില്‍നിന്ന് ലഭിച്ച നിര്‍ദേശാനുസരണമാണ് ജി.സി.സി രാജ്യങ്ങളില്‍നിന്ന് നേരിട്ട് വരുന്ന യാത്രികര്‍ മുന്‍കൂട്ടി പി.സി.ആര്‍ ടെസ്റ്റിന് വിധേയരാവേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലും അല്‍മക്തൂം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലും ഇറങ്ങുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്താതെ തന്നെ വിമാനത്തില്‍ കയറാം.എന്നാല്‍ ഇവര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാലുടന്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന വ്യവസ്ഥ തുടരും. ഹത്താ കര അതിര്‍ത്തിയിലൂടെ ദുബയിലേക്ക് പ്രവേശിക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അവര്‍ യാത്ര ചെയ്യുന്നതിന് 96 മണിക്കൂര്‍ മുമ്പ് നിര്‍ബന്ധമായും കൊവിഡ് ടെസ്റ്റിന് വിധേയരാകണം.
സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍നിന്ന് ദുബയിലേക്ക് വരുന്നവര്‍ വിമാനം കയറുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വെബ്‌സൈറ്റില്‍ വിശദമാക്കി. യാത്രക്കാര്‍ കൊവിഡ് 19ഡി.എക്‌സ്.ബി സ്മാര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ദുബയ് ഹെല്‍ത്ത് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. എയര്‍പോര്‍ട്ടില്‍ നടക്കുന്ന ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടിവരും. നിലവില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാത്രമാണ് മുന്‍കൂര്‍ പി.സി.ആര്‍ ടെസ്റ്റ് ആവശ്യമില്ലെന്ന ആനൂകൂല്യമുള്ളത്.