തിരുവനന്തപുരം: ഇ പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് റേഷന്‍ വിഹിതം പലര്‍ക്കും വാങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഫെബ്രുവരിയിലെ റേഷന്‍ വിതരണം ശനിയാഴ്ച വരെ നീട്ടി. മെഷീന്‍ തകരാറിലായതിനെത്തുടര്‍ന്ന് 75 ശതമാനത്തോളം പേര്‍ മാത്രമാണ് വൈകുന്നേരം വരെ റേഷന്‍ വാങ്ങിയത്. ഇതെത്തുടര്‍ന്നാണ് നാലുദിവസത്തേക്കുകൂടി ഫെബ്രുവരിയിലെ റേഷന്‍ വിതരണം ചെയ്യാന്‍ മന്ത്രി ജി ആര്‍ അനില്‍ നിര്‍ദേശം നല്‍കിയത്.
ബുധനാഴ്ച മുതല്‍ റേഷന്‍കട പ്രവര്‍ത്തനത്തിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് പഴയ സമ്പ്രദായത്തിലേക്ക് മടങ്ങും. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 12 വരേയും വൈകുന്നേരം നാലു മുതല്‍ ഏഴുവരെയും റേഷന്‍ കട പ്രവര്‍ത്തിക്കും. ഷിഫ്റ്റ് സന്പ്രദായം പൊതുജനങ്ങള്‍ക്ക് റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സമയ മാറ്റം വരുത്തിയത്. വേനല്‍ കടുത്തതോടെ മുന്‍വര്‍ഷങ്ങളിലേതുപോലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചതായി മന്ത്രി അറിയിച്ചു.