തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്തിനെ ഇഡി ചോദ്യം ചെയ്തു
ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ നഗരസഭാ അധ്യക്ഷനായിരിക്കെ പല പരിപാടികളും സ്‌പോണ്‍സര്‍ ചെയ്തത് സിബി ആയിരുന്നു.
കോഴിക്കോട്: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പ്രതിയുടെ മൊഴിയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ബുധനാഴ്ച പകല്‍ 11ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ ആറു മണിക്കൂറോളം നീണ്ടു. വിദ്യാഭ്യാസ തട്ടിപ്പു കേസില്‍ അറസ്റ്റിലായ മേരിമാത എജ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ സിബി വയലില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മലയോര കര്‍ഷക മുന്നണി സ്ഥാനാര്‍ഥിയായിരുന്നു സിബി വയലില്‍. ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ നഗരസഭാ അധ്യക്ഷനായിരിക്കെ പല പരിപാടികളും സ്‌പോണ്‍സര്‍ ചെയ്തത് സിബി ആയിരുന്നു.എഫ്‌സിഐ ബോര്‍ഡ് അംഗമാണ് എന്നും സിബി അവകാശപ്പെട്ടിരുന്നു. നിലമ്പൂര്‍ നഗരസഭയുടെ പല ഔദ്യോഗിക പരിപാടികളിലും സിബി വയലില്‍ ഇടം നേടിയിരുന്നു. തട്ടിപ്പുകേസില്‍ പ്രതിയായ വ്യക്തി കേന്ദ്ര സര്‍ക്കാര്‍ എംബ്ലമുള്ള എഫ്‌സിഐ ബോര്‍ഡ് വെച്ച കാറില്‍ സഞ്ചരിക്കുന്നത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിലമ്പൂര്‍ സ്വദേശിയായ സി ജി ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ ഡിജിപിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് കേസ് ഇഡിക്ക് കൈമാറി. അതിന്റെ തുടരന്വേഷണത്തിലാണ് ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തത്.