കണ്ണൂര്‍ ആറളം ഫാമില്‍ തൊഴിലാളിയെ ആന ചവിട്ടിക്കൊന്നു
അധികൃതരുടെ അനാസ്ഥക്കെതിരെ തൊഴിലാളികള്‍ പ്രതിഷേധിച്ചു
കണ്ണൂര്‍:ആറളം ഫാമില്‍ തൊഴിലാളിയെ ആന ചവിട്ടിക്കൊന്നു. ഫാം ഏഴാം ബ്ലോക്കിലെ ദാമു ആണ് കൊല്ലപ്പെട്ടത്.മൃതദേഹം ഇതുവരെയും മാറ്റാനായിട്ടില്ല.ആന ഇപ്പോഴും ഈ പ്രദേശത്ത് തന്നെ തുടരുകയാണ്. ആനയെ തുരത്താനുള്ള ശ്രമം വനംവകുപ്പ് നടത്തി വരികയാണ്.
ഇന്ന് രാവിലെയാണ് ഫാം തൊഴിലാളിയായ ദാമുവിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.ഈറ്റവെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഇന്നലെ രാത്രി കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.അധികൃതരുടെ അനാസ്ഥക്കെതിരെ തൊഴിലാളികള്‍ പ്രതിഷേധിച്ചു.
മഴയായതോടെ ആനകള്‍ നാട്ടിലേക്ക് ഇറങ്ങുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആറളത്ത് ഒരു ചെത്തുതൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.കാസര്‍കോട് ജില്ലയിലെ കാറഡുക്ക പ്രദേശത്തും കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വനംവകുപ്പ് ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. ആന നാട്ടിലേക്ക് ഇറങ്ങാതിരിക്കാനായി സൗരോര്‍ജ വേലി സ്ഥാപിച്ചതില്‍ അഴിമതിയുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.