സംഘപരിവാറിന്റെ സമ്മര്‍ദ്ദം താങ്ങാനായില്ല;എമ്പുരാനില്‍ 17 കട്ട്, വില്ലന്റെ പേരും മാറ്റും

Update: 2025-03-29 11:22 GMT

കൊച്ചി: സംഘപരിവാരത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ എമ്പുരാന് സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്. 17 രംഗങ്ങള്‍ ഒഴിവാക്കിയും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തും സെന്‍സര്‍ ചെയ്ത ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളില്‍ എത്തും. ചിത്രത്തിലെ പ്രധാന വില്ലനായ ബാബാ ബജ്‌റംഗിയുടെ പേരിലും മാറ്റം വരുത്തും. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അക്രമദൃശ്യങ്ങള്‍, എന്നിവയാണ് ഒഴിവാക്കുക. ദേശീയ അന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളില്‍ മ്യൂട്ട് ചെയ്യുന്നത് ഉള്‍പ്പടെ 17 ഇടങ്ങളിലാകും കട്ട് വരുന്നത്.

ഇക്കഴിഞ്ഞ 27നാണ് എമ്പുരാന്‍ റിലീസ് ചെയ്തത്. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുക്കിയ എമ്പുരാന് വേണ്ടി വലിയ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍, റിലീസിന് പിന്നാലെ ചിത്രം ചര്‍ച്ച ചെയ്ത രാഷ്ട്രീയവും ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ക്കുമെതിരേ സംഘപരിവാരം രംഗത്തെത്തി. പടത്തില്‍ അഭിനയിച്ച മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി ഒഴിവാക്കണമെന്ന് വരെ സംഘപരിവാരം ആവശ്യപ്പെട്ടിട്ടുണ്ട്.

Similar News