ധവാന്റെ ഇന്നിങ്‌സിന് അവസാനം; വിരമിക്കല്‍ പ്രഖ്യാപിച്ചു

Update: 2024-08-24 05:44 GMT

മുംബൈ: ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 38 കാരനായ താരം ഏറെക്കാലമായി ഇന്ത്യന്‍ സ്‌ക്വാഡിന് പുറത്തായിരുന്നു. 20 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് ധവാന്‍ വിരാമം കുറിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും ഇനി താരം ഉണ്ടാവില്ല. 13 വര്‍ഷത്തെ കരിയറിനാണ് താരം വിരാമമിട്ടത്. 2010ലാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. കഴിവുണ്ടായിട്ടും താരബാഹുല്യം കൊണ്ട് ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര അവസരം ലഭിക്കാത്ത താരമാണ് ധവാന്‍. ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ കൂടുതല്‍ തിളങ്ങിയതും ഐസിസി ചാംപ്യന്‍ഷിപ്പുകളിലാണ്. 2013 മുതല്‍ മൂന്ന് ഫോര്‍മാറ്റുകളിലെയും ടീമില്‍ സ്ഥിരസാന്നിധ്യമായി.

ഇന്ത്യയ്ക്ക് വേണ്ടി 34 ടെസ്റ്റ് മത്സരങ്ങളിലും 167 ഏകദിനത്തിലും 68 ടി20 മത്സരങ്ങളിലും കളത്തിലിറങ്ങി. 167 ഏകദിനമത്സരങ്ങളില്‍ നിന്ന് 44.11 ശരാശരിയിലും 91.35 സ്ട്രൈക്ക് റേറ്റിലും 6793 റണ്‍സ് നേടി. ഏഴ് സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയുമാണ് ധവാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 68 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 27.92 ശരാശരിയോടെ 1759 റണ്‍സാണ് ധവാന്‍ അടിച്ചുകൂട്ടിയത്. 11 അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. 34 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ധവാന്‍ 40.61 ശരാശരിയില്‍ 2315 റണ്‍സും നേടിയിട്ടുണ്ട്.





Tags:    

Similar News