ഉത്തരാഖണ്ഡില്‍ 17 പേര്‍ക്ക് കൊവിഡ്; സംസ്ഥാനത്തെ മുഴുവന്‍ പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി

Update: 2020-06-15 12:44 GMT

ഡറാഡൂണ്‍: ഇന്ന് 17 പേര്‍ക്കു കൂടി കൊവിഡ് 19 ബാധിച്ചതോടെ ഉത്തരാഖണ്ഡില്‍ ആകെ രോഗികളുടെ എണ്ണം 1,836 ആയി. നിലവില്‍ 668 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 1,135 പേരുടെ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗികളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും സംസ്ഥാനത്ത് 24 പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്.

രോഗം വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഉത്തരാഖണ്ഡ് തീരുമാനിച്ചിട്ടുണ്ട്. 10 ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാനാണ് പദ്ധതി. ജനങ്ങളെ മുഴുവന്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഉത്തരവാദിത്തം ജില്ലാ മജിസ്‌ട്രേറ്റ്മാര്‍ക്കായിരിക്കുമെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു. ഇതിന് അങ്കന്‍വാടി, ആശാ വര്‍ക്കര്‍മാരുടെ സേവനം ഉറപ്പുവരുത്തും. ഇന്നലെ 31 പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ തീരുമാനവുമായി രംഗത്തെത്തിയത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,502 പേര്‍ക്കാണ് രോഗബാധയുണ്ടായത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആകെ രോഗബാധിതരുടെ എണ്ണം 3,32,424 ആയി. ഇന്ത്യന്‍ ആരോഗ്യവിദഗ്ധര്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് ഇന്നലെ രോഗബാധിതരായവരുടെ എണ്ണം ഇന്നത്തേക്കാള്‍ കൂടുതലായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 325 പേര്‍ മരിച്ചു, ആകെ മരണം 9,520 ആയി.  

Tags:    

Similar News