പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് അല്‍പം ആശ്വാസം; ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് സുപ്രിംകോടതിയില്‍ നിന്ന് അല്‍പം ആശ്വാസം. തൊഴിലാളികള്‍ക്ക് ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി സുപ്രിംകോടതി ശരിവച്ചു. എന്നാല്‍, വിധി നടപ്പാക്കുന്നത് ആറുമാസത്തേക്ക് മരവിപ്പിച്ചു. സര്‍ക്കാരിന് മതിയായ ഫണ്ട് കണ്ടെത്തുന്നതിനാണ് വിധി താല്‍ക്കാലികമായി മരവിപ്പിച്ചത്. പെന്‍ഷന്‍ കണക്കാക്കുന്നതിന് 15,000 രൂപ മാസ ശമ്പളം മേല്‍പരിധിയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവ്, ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് റദ്ദാക്കി.
അതേസമയം, 60 മാസത്തെ ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ കണക്കാക്കാമെന്ന ഉത്തരവ് ശരിവച്ചു. 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ക്ക് നല്‍കണമെന്നത് സുപ്രിംകോടതി റദ്ദാക്കി. മാറിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ നാല് മാസത്തെ സമയം അനുവദിച്ചു. 2014 സപ്തംബറിന് മുമ്പ് വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയവും ഇപിഎഫ്ഒയും സുപ്രിംകോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റീസ് യു യു ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ധൂലിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധ ബോസ് എഴുതിയ വിധിന്യായത്തിന്റെ ഓപറേഷനല്‍ പാര്‍ട്ട് ആണ് കോടതിയില്‍ വായിച്ചത്. നീണ്ട ആറുദിവസത്തെ വാദത്തിനൊടുവിലാണ് തൊഴിലാളികള്‍ക്ക് ആശ്വാസമായ വിധിയുണ്ടാവുന്നത്. ഇപിഎഫ്ഒ, ടാറ്റാ മോട്ടോഴ്‌സ്, കേന്ദ്രസര്‍ക്കാര്‍ എന്നിവരാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.
കേരളം, രാജസ്ഥാന്‍, ഡല്‍ഹി ഹൈക്കോടതി വിധികള്‍ ചോദ്യം ചെയ്തായിരുന്നു ഹരജി. 2014ലെ എംപ്ലോയീസ് പെന്‍ഷന്‍ ഭേദഗതി സ്‌കീമിലെ വ്യവസ്ഥകള്‍ നിയമപരവും സാധുതയുള്ളതുമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വിധിയെ സ്വാഗതം ചെയ്യുന്നതായി ബിനോയി വിശ്വം എംപി പറഞ്ഞു. വിധി പ്രതീക്ഷ നല്‍കുന്നതാണ്. പിഎഫ് പെന്‍ഷന്‍ വിഷയത്തില്‍ കേന്ദ്രനിലപാട് തൊഴിലാളി വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വിധി സ്വാഗതാര്‍ഹമാണെന്ന് എളമരം കരിം എംപിയും പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ലെന്നും കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയ്ക്കായി വാദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.