അനില്‍ അംബാനിയെ ജയിലില്‍ അടയ്ക്കണമെന്ന് സ്വീഡിഷ് ടെലികോം കമ്പനി എറിക്‌സണ്‍
എറിക്‌സണിന് നല്‍കാനുള്ള 550 കോടിയും പലിശയും നല്‍കാത്തതിനെ തുടര്‍ന്നാണ് എറിക്‌സണ്‍ അനില്‍ അംബാനിക്കും റിലയന്‍സ് കമ്യൂണിക്കേഷന്‍സിനുമെതിരേ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
ന്യൂഡല്‍ഹി: റിലയന്‍സ് കമ്യൂണിക്കേഷന്‍സിനും ചെയര്‍പേഴ്‌സണ്‍ അനില്‍ അംബാനിക്കുമെതിരേ സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്‍ വീണ്ടും നിയമനടപടിക്ക്. എറിക്‌സണിന് നല്‍കാനുള്ള 550 കോടിയും പലിശയും നല്‍കാത്തതിനെ തുടര്‍ന്നാണ് എറിക്‌സണ്‍ അനില്‍ അംബാനിക്കും റിലയന്‍സ് കമ്യൂണിക്കേഷന്‍സിനുമെതിരേ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ടെലികോം ശൃംഖല നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി എറിക്‌സണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏഴുവര്‍ഷത്തെ കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ കമ്പനി നഷ്ടത്തിലായതിനെത്തുടര്‍ന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 1000 കോടി രൂപയോളം കുടിശ്ശിക വരുത്തി. തുടര്‍ന്ന എറിക്‌സണ്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ മുമ്പാകെ നിയമനടപടിയുമായി രംഗത്തെത്തിയിരുന്നു. ട്രൈബ്യൂണല്‍ ഒത്തുതീര്‍പ്പാക്കിയ കേസില്‍ ഇപ്പോള്‍ ലംഘനമുണ്ടായെന്നു കാണിച്ചാണ് എറിക്‌സണ്‍ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. തുടര്‍ന്ന് സുപ്രീംകോടതിയെ എറിക്‌സണ്‍ സമീപിച്ചു. സപ്തംബര്‍ 30നുള്ളില്‍ എറിക്‌സണിന് 550 കോടി നല്‍കണമെന്നും ഡിസംബര്‍ 15നുള്ളില്‍ തുക കൈമാറിയിരിക്കണമെന്നും ഉത്തരവിലൂടെ സുപ്രീംകോടതി റിലയന്‍സ് ക്മ്യൂണിക്കേഷന്‍സിനെ അറിയിച്ചു. എന്നാല്‍ റിലയന്‍സിന് കുടിശ്ശിക നല്‍കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് അനില്‍ അംബാനിക്കെതിരായ അറസ്റ്റ് നീക്കത്തിന് എറിക്‌സണ്‍ ശ്രമിച്ചത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായി നടത്തുന്ന സ്‌പെക്ട്രം, ടവര്‍ വില്‍പ്പന ഇടപാടുകള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും ഹരജിയില്‍ പറയുന്നു.