18 വയസിനു താഴെയുള്ള പെണ്‍കുട്ടിയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം: ബോംബെ ഹൈക്കോടതി
18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവള് വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് ജി എ സനപ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പിരധിയില്‍ വരുമെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗം, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ശിക്ഷിച്ച വാര്‍ധ ജില്ലയിലെ ഒരു വിചാരണ കോടതിയുടെ 2021 സെപ്റ്റംബര്‍ 9-ലെ വിധിയെ ചോദ്യം ചെയ്ത് ഒരാള്‍ സമര്‍പ്പിച്ച ക്രിമിനല്‍ അപ്പീലില്‍ വിധി പറയുകയായിരുന്നു കോടതി.
18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവള് വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് ജി എ സനപ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ശിക്ഷ ശരിവച്ചുകൊണ്ട്, ഇരയുമായുള്ള ലൈംഗികബന്ധം ഉഭയ സമ്മതപ്രകാരമുള്ളതാണെന്നും ബന്ധപ്പെട്ട സമയത്ത് അവള് തന്റെ ഭാര്യയായിരുന്നതിനാല്‍ ബലാത്സംഗത്തിന്റെ പരിധിയില്‍ ഇത് വരില്ലെന്നുമുളള പുരുഷന്റെ വാദം ജസ്റ്റിസ് സനപ് നിരസിച്ചു.