കണ്ണൂരിൽ എക്സൈസിൻ്റെ വൻ ലഹരി വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

വടകര സ്വദേശിയായ മറ്റൊരു യുവാവിനെ പറ്റി പ്രശാന്തിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും അയാളെ ഉടൻ പിടികൂടുമെന്നും എക്സെെസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Update: 2022-01-18 01:34 GMT

കണ്ണൂർ: അതിമാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കണ്ണൂർ പുഴാതി കൊറ്റാളി സ്വദേശി അരയാക്കണ്ടി വീട്ടിൽ കെ ടി പ്രശാന്താ(25)ണ് എക്സെെസ് ഉദ്യോ​ഗസ്ഥരുടെ പിടിയിലായത്. ഇയാളിൽ നിന്ന് 250 ​ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ലഹരിക്കടത്തിന് ഉപയോ​ഗിച്ച ഹോണ്ട യുനീക്കോൺ ബെെക്കും ഉദ്യോ​ഗസ്ഥർ പിടികൂടി.

എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ പ്രശാന്ത്. ഒരു ​ഗ്രാം കെെവശം വച്ചാൽ 10 വർഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന അതിമാരക ലഹരിമരുന്നാണ് എംഡിഎംഎ. നഗരങ്ങളിൽ നടത്തുന്ന ഡിജെ പാർട്ടികളിൽ പ്രധാനമായും ഉപയോഗിക്കുന്ന ഈ ലഹരിമരുന്ന് കല്ല് എന്ന പേരിലാണ് അറിയപ്പെടുന്നത്.

പ്രിവൻ്റീവ് ഓഫിസർ എം കെ സന്തോഷ്, ജോർജ്ജ് ഫെർണാണ്ടസ്, കെ എം ദീപക് (ഗ്രേഡ്), സിവിൽ എക്സൈസ് ഓഫിസർ ഇ സുജിത്ത്, എഫ് പി പ്രദീപ്, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി രജിരാഗ്, പി ജലിഷ്, കെ ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വടകര സ്വദേശിയായ മറ്റൊരു യുവാവിനെ പറ്റി പ്രശാന്തിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും അയാളെ ഉടൻ പിടികൂടുമെന്നും എക്സെെസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. പ്രതിയെ ചൊവ്വാഴ്ച്ച കണ്ണൂർ ജുഡിഷ്യൽ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.

Tags:    

Similar News