ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല: എക്‌സൈസ് മന്ത്രി
ഡ്രൈ ഡേ തീരുമാനത്തെ വിനോദ സഞ്ചാരമേഖല കാലങ്ങളായി എതിര്‍ത്തുവരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വിദേശ വിനോദ സഞ്ചാരികള്‍ ഇതിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്.
കോഴിക്കോട്: സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഒന്നാം തിയ്യതി മദ്യശാല തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിദേശമദ്യവില്‍പ്പനയ്ക്കുള്ള ഒന്നാം തിയ്യതിയിലെ വിലക്ക് നീക്കുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് എക്‌സൈസ് മന്ത്രിയുടെ പ്രതികരണം. ശമ്പളദിവസം കണക്കിലെടുത്താണ് പ്രധാനമായും ഒന്നാം തിയ്യതി സംസ്ഥാനത്ത് ഡ്രൈ ഡേ ആക്കിയത്. ഇ.കെ. നായനാര്‍ സര്‍ക്കാരില്‍, ടി. ശിവദാസമേനോന്‍ എക്‌സൈസ് മന്ത്രിയായിരിക്കേ കൈക്കൊണ്ട തീരുമാനയിരുന്നു ഇത്.
ഒന്നാം തിയ്യതിക്കു മുമ്പ് മദ്യം വാങ്ങി വയ്ക്കുകയോ പിറ്റേന്നു കൂടുതല്‍ മദ്യപിക്കുകയോ ചെയ്യുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍, സര്‍ക്കാര്‍ ഇതു സംബന്ധിച്ച കണക്ക് ശേഖരിച്ചിരുന്നു. 31ാം തീയതിയാണ് ഏറ്റവും കൂടുതല്‍ മദ്യം ചെലവാകുന്നതെന്ന വിദഗ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു വില്‍പ്പനനിരോധനം സംബന്ധിച്ച നിലപാടു വന്നത്..
ഡ്രൈ ഡേ തീരുമാനത്തെ വിനോദസഞ്ചാരമേഖല കാലങ്ങളായി എതിര്‍ത്തുവരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വിദേശ വിനോദ സഞ്ചാരികള്‍ ഇതിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്. അവരെ അതിശടപ്പിക്കുന്നതായിരുന്നു കേരളത്തിലെ ഒന്നാം തിയ്യതി മദ്യവിലക്ക്. ഹോട്ടലുകളും റിസോര്‍ട്ടുകളും മറ്റും ഒന്നാം തിയ്യതികളില്‍ അതിഥി സല്‍ക്കാരം ഒഴിവാക്കുന്നു. വന്‍കിടനിക്ഷേപത്തിനായി അടുത്തിടെ കേരളം സന്ദര്‍ശിച്ച ഉത്തരേന്ത്യന്‍ വ്യവസായികളും വിദേശികളും ടെക്കികളും ഡ്രൈ ഡേ തീരുമാനം ഉപേക്ഷിക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പഠനം നടത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായില്ലന്നാണ് എക്‌സൈസ് മന്ത്രി അഭിപ്രായപ്പെട്ടത്.