പ്രവാസി ക്ഷേമനിധി; തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സോഷ്യല്‍ ഫോറം
ദോഹ: പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കുകയും അതുവഴി പാവപ്പെട്ട പ്രവാസികളെ വഞ്ചിച്ച് പണം തട്ടുകയും ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം. അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനാ നേതാവും തൃശൂര്‍ ജില്ലയിലെ സിപിഎം നേതാവിന്റെ മകനുമായ വ്യക്തിയെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. അത്തരം പ്രവണതകള്‍ മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കില്‍ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ പ്രവാസികളാണ്. അവരെ വഞ്ചിക്കാന്‍ അനുവദിക്കുകയില്ലെന്ന് സോഷ്യല്‍ ഫോറം വ്യക്തമാക്കി.
തുച്ഛമായ വരുമാനത്തിനു വേണ്ടി നാടും വീടും വിട്ട് പ്രവാസിയായവര്‍ എല്ലാം അവസാനിപ്പിച്ച് തിരികെ നാട്ടിലേക്ക് മടങ്ങിയാല്‍ ശിഷ്ടകാലം ഉപജീവന മാര്‍ഗമായി തങ്ങള്‍ക്ക് ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്ന തുച്ഛമായ സംഖ്യയില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവാസി ക്ഷേമനിധിയില്‍ അംഗമായ ഒട്ടനവധി പ്രവാസികളുണ്ട്. എന്നാല്‍ അതിന്റെ സാങ്കേതികവശം അറിയാത്ത സാധാരണക്കാരാണ് ഇത്തരം ചതിക്കുഴിയില്‍ വീണുപോകുന്നത്. പ്രവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്തുണ കൊടുക്കുന്നത് ലജ്ജാവഹമാണ്.
തങ്ങള്‍ക്കിടയിലുള്ള ഇത്തരം വ്യക്തികളെയും സംഘങ്ങളെയും തിരിച്ചറിയാന്‍ പ്രവാസി സമൂഹം തയ്യാറാകണമെന്നും ഇത്തരം വഞ്ചകരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും സോഷ്യല്‍ ഫോറം കേരളാ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.