അമരാവതി: ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ മരുന്ന് നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. ഗൗരിപ്പട്ടണം മേഖലയിലെ വിഷന്‍ ഡ്രഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. നിര്‍മാണശാലയിലെ രാസവസ്തുക്കള്‍ ശുദ്ധീകരിക്കുന്ന പൈപ്പിലുണ്ടായ മര്‍ദവ്യതിയാനമാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ജീവനക്കാര്‍ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.
ജലവും രാസവസ്തുക്കളും പുനരുപയോഗം ചെയ്യുന്ന ഒരു പൈപ്പ്‌ലൈനില്‍ സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നു. ഉയര്‍ന്ന താപനില മൂലമുണ്ടാവുന്ന സമ്മര്‍ദ്ദത്തില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചപ്പോള്‍ ഡെപ്യൂട്ടി മാനേജരും ഷിഫ്റ്റ് ഇന്‍ചാര്‍ജും കെമിസ്റ്റും അറ്റകുറ്റപ്പണിയിലായിരുന്നു- പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ ചിതറിത്തെറിച്ച ഗ്ലാസ് കഷണങ്ങളും ഷീറ്റ് ചീളുകളും ശരീരത്തില്‍ തുളഞ്ഞ് കയറിയാണ് ഇവര്‍ മരണപ്പെട്ടത്.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മാനേജ്‌മെന്റിന്റെ വീഴ്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. യൂനിറ്റിലെ മറ്റ് തൊഴിലാളികള്‍ മൂവരെയും കൊവ്വൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. ആഭ്യന്തരമന്ത്രി ടി വനിത ആശുപത്രിയിലെത്തി അപകടത്തെക്കുറിച്ച് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ആരാഞ്ഞു.