മാള: ഇന്ന് ഉച്ചക്ക് ശേഷം മൂന്നരയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങള്‍. കുഴൂര്‍, അന്നമനട ഗ്രാമപഞ്ചായത്തുകളിലായാണ് വ്യാപകമായി നാശനഷ്ടങ്ങളുണ്ടായത്. റോഡുകളിലെല്ലാം മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. ആലുവ-എരവത്തൂര്‍- മാള, ആലുവ-മേലഡൂര്‍ -മാള റൂട്ടുകളിലും ഇടറോഡുകളിലുമെല്ലാം മരങ്ങളും വൈദ്യുതി പോസ്റ്റും ഒടിഞ്ഞgവീണ് എല്ലാ വഴികളും തടസ്സപ്പെട്ടു. ബസ്സുകളും സ്വകാര്യ വാഹനങ്ങളുമെല്ലാം വഴിയില്‍ പെട്ടു. ഏറെ വൈകി ശ്രമകരമായാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
തെങ്ങ്, കവുങ്ങ്, വാഴ, ജാതി, പച്ചക്കറി, മറ്റ് മരങ്ങള്‍ എന്നിവ വ്യാപകമായി നശിച്ചിട്ടുണ്ട്. എരവത്തൂര്‍ പുത്തന്‍പുരക്കല്‍ രാജന്‍ വെച്ച 3,000 ഏത്തവാഴകളില്‍ രണ്ടായിരത്തോളം വാഴകള്‍ ഒടിഞ്ഞ് നശിച്ചു. പള്ളിപ്പാടന്‍ സേവ്യാറിന്റെ രണ്ട് ഏക്കറില്‍ ചെയ്തിരുന്ന പടവലം പന്തല്‍ വീണ് നശിച്ചു. ഒന്നര ലക്ഷം രൂപയിലധികം നഷ്ടമുണ്ടായിട്ടുണ്ട്. പാറക്കടവ് 12ാം വാര്‍ഡില്‍ കുഴൂര്‍ സ്വദേശിയായ ചുങ്കത്ത്പറമ്പില്‍ മുരുകേശന്‍ കൃഷിയിറക്കിയ 2,000 വാഴകളില്‍ 1,500 എണ്ണം ഒടിഞ്ഞ് നശിച്ചു. നാല് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കൂടാതെ മോഹിനി തുടങ്ങി ഒട്ടനവധിപേരുടെ ഏത്തവാഴകള്‍ വ്യാപകമായി നശിച്ചിട്ടുണ്ട്.
കൊച്ചുകടവ് പള്ളത്ത് കരീമിന്റെ വീടിന് മേല്‍ പ്ലാവ് വീണ് വീടിന് കേടുപാടുകള്‍ പറ്റി. കരാര്‍ കൊടുത്തിരുന്ന മാവുകള്‍ വ്യാപകമായി ഒടിഞ്ഞ് നശിച്ചിട്ടുണ്ട്. വൈദ്യുതി ലൈനുകള്‍ക്ക് മേല്‍ പലയിടങ്ങളിലായി മരം വീണ് പോസ്‌റ്റൊടിയുകയും കമ്പികള്‍ പൊട്ടുകയും ചെയ്തതോടെ കുഴൂര്‍, അന്നമനട ഗ്രാമപഞ്ചായത്തുകളിലെ വൈദ്യുതി വിതരണം തകരാറിലായി.