റിയാദ്:കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ ത്രിദിന സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി. ശനിയാഴ്ച്ച റിയാദിലെത്തിയ അദ്ദേഹം സൗദി ഭരണാധികാരികളുമായി സുപ്രധാന കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. തന്ത്രപരമായ പങ്കാളികള്‍ എന്ന നിലയില്‍ സൗദി അറേബ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തിയാണ് ജയ്ശങ്കറിന്റെ മടക്കം.
സന്ദര്‍ശനത്തിന്റെ ആദ്യദിനമായ ശനിയാഴ്ച റിയാദില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ആസ്ഥാനത്തെത്തി സെക്രട്ടറി ജനറല്‍ ഡോ. നാഇഫ് ഫലാഹ് അല്‍ ഹജ്‌റഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ വിവിധ വശങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയും സൗദിയിലെ മുന്‍ ഇന്ത്യന്‍ അംബാസഡറുമായ ഡോ. ഔസാഫ് സഈദ്, സൗദി വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും ഇന്ത്യയിലെ മുന്‍ സൗദി അംബാസഡറുമായ ഡോ. സഊദ് അല്‍ സാത്തി, നിലവിലെ അംബാസഡര്‍ സാലെഹ് അല്‍ഹുസൈനി എന്നിവര്‍ പങ്കെടുത്തു.
ഞായറാഴ്ച ഉച്ചക്ക് റിയാദില്‍ സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ലയുമായും വൈകീട്ടോടെ ജിദ്ദയിലെത്തി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ചകള്‍ നടത്തിയ അദ്ദേഹം ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും.