ഇതളൂര്‍ന്ന് പോകുന്ന ഓര്‍മകള്‍; ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം

അല്‍ഷിമേഴ്‌സിന്റെ കാരണങ്ങള്‍ ഇന്നും അജ്ഞാതമാണ്

Update: 2021-09-21 05:34 GMT
തിരുവനന്തപുരം: ആയുസ്സിന്റെ കണക്കുപുസ്‌കം അവസാന പേജിലേക്കെത്തുമ്പോള്‍ മുന്‍പെഴുതിയ ആക്ഷരങ്ങളെല്ലാം മാഞ്ഞുപോകുന്നതു പോലെയാണ് അല്‍ഷിമേഴ്‌സ്. കൈവിട്ടുപോകുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ നിസ്സഹായരായി പോകുന്ന മനുഷ്യര്‍. ഓരോന്നായി ഇതളൊഴിഞ്ഞ് വീണുപോയി അവസാനം കുടുംബാംഗങ്ങളെ വരെ മറന്നുപോകുന്ന അവസ്ഥയിലെത്തും. സ്വന്തം പേര് പോലും മറന്ന്, വസ്ത്രം ധരിക്കണമെന്നത് വരെ അറിയാതെ അകം പൊള്ളയായ വെറും മനുഷ്യക്കോലം മാത്രമായി തീരുന്നവര്‍. അവര്‍ക്കു വേണ്ടിയും ഒരു ദിനം.

തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് അല്‍ഷിമേഴ്‌സ് എന്ന് സ്മൃതിനാശ രോഗം. നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ അവയെ പുനര്‍ജീവിപ്പിക്കുക അസാധ്യമാണ്. ഇതോടൊപ്പം തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സാവിധികള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

അല്‍ഷിമേഴ്‌സിന്റെ കാരണങ്ങള്‍ ഇന്നും അജ്ഞാതമാണ്. പ്രായമായവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 65 വയസ്സിനു മുകളിലുള്ളവരില്‍ ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും രോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചുവരുന്നതായി കാണാം. 85 നു മുകളില്‍ പ്രായമുള്ളവരില്‍ പകുതിപ്പേര്‍ക്കും അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യതയുണ്ട്. സ്ത്രീകളിലാണ് അല്‍ഷിമേഴ്‌സ് ബാധിതര്‍ കൂടുതലുള്ളത്.

മിക്കപ്പോഴും രോഗം പതുക്കെയാണ് ആരംഭിക്കുക. യഥാര്‍ഥത്തില്‍ പലര്‍ക്കും അവര്‍ക്ക് അല്‍ഷിമേഴ്‌സ് ഉണ്ടെന്ന കാര്യം അറിഞ്ഞുകൊള്ളണമെന്നില്ല. അവര്‍ മറവിയെ വാര്‍ധക്യത്തിന്റെ ഭാഗമായി പഴിചാരുന്നു. എന്നാല്‍ നാളുകള്‍ ചെല്ലുന്തോറും ഓര്‍മശക്തി കുറഞ്ഞുവരുന്നു. അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങളാണ് ആദ്യഘട്ടത്തില്‍ മറന്നുപോകുന്നത്. വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓര്‍മിച്ചെടുക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചെറിയ കണക്കുകള്‍ പോലും ചെയ്യുന്നതിന് പ്രയാസം നേരിടും. കാലക്രമേണ എല്ലാത്തരം ഓര്‍മകളും നശിച്ചുപോകും. ഭാഷയുമായി ബന്ധപ്പെട്ട കഴിവുകള്‍ എന്നിവ നഷ്ടമാകുന്നു. ഈ അവസ്ഥയില്‍ എങ്ങനെ പല്ലുതേക്കണമെന്നും മുടിചീകണമെന്നും മറന്നുപോകുന്നു. രോഗം ഘട്ടംഘട്ടമായി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിനോടൊപ്പം രോഗി ശയ്യാവലംബിയും പരിപൂര്‍ണ പരാശ്രയിയുമായി മാറുന്നു.

രോഗത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍, രോഗിയുടെ സവിശേഷതകള്‍ ഇവയൊക്കെ ഉള്‍ക്കൊണ്ട് ശരിയായ രീതിയിലുള്ള പരിചരണം ഉറപ്പുവരുത്തി കൂടെയുണ്ടാകുക എന്നതാണ് കുടുംബാംഗങ്ങള്‍ ചെയ്യേണ്ടത്. ഇതിന് വിദഗ്ധരുടെ സഹായം തേടാം. മാനസികവും ശാരീരികവുമായി പ്രവര്‍ത്തനനിരതരാകുക, ശരിയായ രക്തസമ്മര്‍ദം നിലനിര്‍ത്തുക, കിടപ്പുരോഗികളാണെങ്കില്‍ ശയ്യാവ്രണം ഒഴിവാക്കുന്നതിനുള്ള കാരംയങ്ങള്‍ ചെയ്യുക തുടങ്ങിയവ പ്രധാനമാണ്. ഓരോ അല്‍ഷിമേഴ്‌സ് രോഗിയും അറിഞ്ഞുകൊണ്ടല്ല ഒന്നും ചെയ്യുന്നത്. എവിടെ മലമൂത്ര വിസര്‍ജ്ജനം നടത്തണമെന്ന അറിവ് പോലും നഷ്ടമായ ഗുരുതരാവസ്ഥയിലുള്ള അല്‍ഷിമേഴ്‌സ് രോഗികളെ പരിചരിക്കുക എന്നത് വളരെ ത്യാഗപൂര്‍ണമായ കാര്യമാണ്. രോഗികളോട് മാത്രമല്ല, അവിരെ സ്ഥിരമായി പരിചരിച്ച് കൂടെ നില്‍ക്കുന്നവരോടു കൂടി ഐക്യപ്പെടേണ്ടതുണ്ട്.

Tags:    

Similar News