ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരേ വ്യാജ പ്രചാരണം; സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍
പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം പ്രാദേശിക നേതാവുമായ സി ടി സോമരാജ് (56) ആണ് അറസ്റ്റിലായത്.
പാലക്കാട്: ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരേ സമൂഹ മാധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കേസില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം പ്രാദേശിക നേതാവുമായ സി ടി സോമരാജ് (56) അറസ്റ്റില്‍. 'ഷാഫി പറമ്പിലിന് കൊവിഡ് ബാധ: സൂക്ഷിക്കുന്നത് നന്നായിരിക്കും' എന്ന ഫേസ്ബുക്ക് പോസ്റ്റാണ് നടപടിക്കാധാരം.
ഫേസ് ബുക്ക് പോസ്റ്റിനെതിരേ യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് നിഖില്‍ ജി കൃഷ്ണ വടക്കേക്കാട് പോലിസ് സ്‌റ്റേഷനിലും തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഒ ജെ ജനീഷ് സിറ്റി പോലിസ് ഓഫിസിലും പരാതി നല്‍കിയിരുന്നു.നിഖില്‍ ജി കൃഷ്ണയുടെ പരാതിയില്‍ വടക്കേക്കാട് പോലിസാണ് സോമരാജിനെ അറസ്റ്റ് ചെയ്തത്.
വിവാദമായതോടെ സോമരാജന്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നുവെങ്കിലും പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ജനീഷും നിഖിലും പരാതി നല്‍കിയത്. അപകീര്‍ത്തിപ്പെടുത്തലിനും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനുമാണ് സോമരാജനെതിരേ കേസെടുത്തത്.