യുവാവിനെതിരെ കള്ളക്കേസ്: വെള്ളമുണ്ട പോലിസ് സ്‌റ്റേഷനിലേക്ക് നാളെ യൂത്ത് ലീഗ് മാര്‍ച്ച്

Update: 2021-03-17 15:59 GMT

മാനന്തവാടി: കുടുംബ സമേതം യാത്രചെയ്ത യുവാവിനെതിരെ കള്ളക്കേസ് ചുമത്തി അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ വെള്ളമുണ്ട പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം തരുവണ ടൗണില്‍ വെച്ചായിരുന്നു സംഭവം. കുടംബത്തോടൊപ്പം യാത്രചെയ്യുന്നതിനിടെ തൊട്ടടുത്ത കടയില്‍ നിന്നും നാപ്കിന്‍ വാങ്ങാനായി കാറില്‍ നിന്നിറങ്ങിയ യുവാവിനെതിരെ വെള്ളമുണ്ട സ്‌റ്റേഷനിലെ വനിതാ എസ് ഐ അനധികൃത പാര്‍ക്കിങിനെതിരെ പിഴ ചുമത്തുകയായിരുന്നു.

പിഴ ഒഴിവാക്കാനോ കുറവ് വരുത്താനോ യുവാവ് അഭ്യര്‍ത്ഥിച്ചെങ്കിലും പോലിസ് തയ്യാറായില്ല. സ്ത്രീകളുടെയും കുട്ടികളുടെയും കരിച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നാട്ടുകാരുള്‍പ്പെടെ വിഷയത്തിലിടപെട്ടതോടെ പരസ്പരം വാക്കേറ്റവും യുവാവിനെ പോലിസ് മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് പിഴയൊടുക്കി അവിടെ നിന്നും പിരിഞ്ഞു പോയ യുവാവിനെതിരെയും കുടംബാംഗമായ സ്ത്രീക്കെതിരെയും തൊട്ടടുത്ത ദിവസം പോലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സ്‌റ്റേഷനില്‍വെച്ചും യുവാവിനെ പോലിസ് മര്‍ദ്ദിച്ചുവെന്നും ഇത് കോടതിയില്‍ വെളിപ്പെടുത്തിയാല്‍ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ പ്രകാരം കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ലീഗ് നേതാക്കള്‍ ആരോപിച്ചു.

വെള്ളമുണ്ടയിലെ വനിതാ എസ്‌ഐക്കെതിരെ ഇതിന് മുമ്പും ഇത്തരത്തിലുള്ള ആരോപണമുയര്‍ന്നിരുന്നു. യുവാവിനെതിരെ കള്ളക്കേസെടുത്തതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായും നടപടിയുണ്ടാകാത്തതിനാലാണ് വ്യാഴാഴ്ച രാവിലെ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ പി കെ അമീന്‍,ടി നാസര്‍,കെ കെ ഇസ്മായീല്‍,റസാഖ് കെ കെ സി,റാഷിദ് അലുവ,ഫൈസല്‍ വെള്ളമുണ്ട,ജബ്ബാര്‍ പുളിഞ്ഞാല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News