മാളയില്‍ ക്യാമ്പുകള്‍ അവസാനിച്ചിട്ടും വീട്ടിലേക്ക് മടങ്ങാനാവാതെ കുടുംബങ്ങള്‍
മാള: മഴ കുറഞ്ഞ് ചാലക്കുടി പുഴയില്‍ ജലനിരപ്പ് കുറഞ്ഞിട്ടും നിരവധി കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് മടങ്ങാനായില്ല. മാള മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ദുരിതത്തിലായത്. വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയെങ്കിലും മുറ്റത്തും പറമ്പിലും വെള്ളം കെട്ടി കിടക്കുന്നതിനാല്‍ വീടുകളില്‍ ശുചീകരണം നടത്താനോ വീടുകളിലേക്ക് തിരികെ എത്താനോ സാധിക്കുന്നില്ല.
കുഴൂര്‍, അന്നമനട ഗ്രാമപഞ്ചായത്തുകളില്‍ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ വന്നതോടെ വെള്ളം ഒഴുകിപ്പോകുന്നില്ല. അവ പുരയിടങ്ങളില്‍ കെട്ടിനില്‍ക്കുകയാണ്. കൂടാതെ പണ്ടുണ്ടായിരുന്ന കയ്യാണികളും തോടുകളും മൂടിപ്പോയി.
മൂന്നോ നാലോ ദിവസം വെയിലുണ്ടാവുകയും വെള്ളം താഴേക്കിറങ്ങുകയും ചെയ്താലേ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സ്വന്തം വീട്ടുകളിലേക്ക് തിരികെ എത്താനാകൂ. കുഴൂര്‍ ഗ്രാമപഞ്ചായത്ത് കൊച്ചുകടവ് പള്ളിബസാറിലെ പട്ടികജാതി കോളനിക്ക് സമീപം താമസിക്കുന്ന വേലംപറമ്പില്‍ അബ്ദുള്ള, കുറച്ച് മാറിയുള്ള കറപ്പംവീട്ടില്‍ അലി, മകള്‍ ആബിത, കറുകപ്പാടത്ത് അനിയന്‍ തുടങ്ങി നിരവധി വീടുകളില്‍ കുടുംബങ്ങള്‍ക്ക് എത്താനാകാത്ത അവസ്ഥയാണ്. കോഴി, മുയല്‍ തുടങ്ങിയ ജീവികളുള്ളവര്‍ അവക്കാവശ്യമായ തീറ്റയും വെള്ളവും കഴിയുന്നത്ര കൂടുകളില്‍ വെച്ച് കൊടുക്കുകയാണ് രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍. വീടുകളിലേക്ക് എത്താനാകുന്നവര്‍ ഇടക്ക് അവയുടെ കാര്യങ്ങള്‍ നോക്കാനായി പോകുന്നുണ്ട്.
ക്യാമ്പുകളില്‍ നിന്നും മടങ്ങിയ കുടുംബങ്ങള്‍ ബന്ധുവീടുകളിലും മറ്റുമാണ് കഴിയുന്നത്.