മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടത്തില്‍ കുടുംബം ഒലിച്ചുപോയി; അഞ്ച് പേര്‍ മരിച്ചു

Update: 2024-07-01 06:38 GMT

മുംബൈ: ലോണാവാലയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടത്തില്‍ കുടുംബം ഒലിച്ചുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏഴംഗ കുടുംബമാണ് ഒലിച്ചുപോയത്. സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്താനുണ്ട്. പുനെ സ്വദേശികളായ ഷാഹിസ്ത അന്‍സാരി (36), അമീമ അന്‍സാരി (13), ഉമേര അന്‍സാരി (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അദ്‌നാന്‍ അന്‍സാരി (4), മരിയ സയ്യദ് (9) എന്നിവരെയാണ് കാണാതായത്. പൂനെ സിറ്റിയിലെ സയ്യദ് നഗര്‍ പ്രദേശത്താണ് കുടുംബം താമസിക്കുന്നത്. ദാരുണമായിരുന്നു അപകടം.

80 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ സ്‌റ്റേഷനില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍. നിരവധി വിനോദസഞ്ചാരികള്‍ ഈ സമയം പ്രദേശത്തുണ്ടായിരുന്നു. ഇതിനിടെ ഇവര്‍ എല്ലാവരും ബുഷി അണക്കെട്ടിന് സമീപത്തെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ഡാമില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ വെള്ളച്ചാട്ടത്തിന്റെ ശക്തി വര്‍ധിച്ചത് പെട്ടെന്നായിരുന്നു. ഇതോടെ ഇവര്‍ കുടുങ്ങി. രക്ഷപ്പെടാനായി വെള്ളച്ചാടത്തിന് നടുവിലെ പാറയില്‍ എല്ലാവരും കയറി നിന്നെങ്കിലും ഒഴുക്ക് വര്‍ധിച്ചതോടെ പാറയും മുങ്ങി. അതോടെ എല്ലാവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവര്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയത്. ലോണാവാല പോലീസും എമര്‍ജന്‍സി സര്‍വിസുകളും മുങ്ങല്‍ വിദഗ്ധരും രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെട്ട രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കാണാതായ കുട്ടികളെ കണ്ടെത്താന്‍ തിങ്കളാഴ്ചയും തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈ പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. കുടുംബത്തിന്റെ അവസാന നിമിഷങ്ങളുടെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സഹായത്തിനായി നിലവിളിക്കുന്നുണ്ടെങ്കിലും കനത്ത മഴയും ഒഴുക്കും കാരണം ആര്‍ക്കും എത്തിപ്പെടാനാകുമായിരുന്നില്ല. ഇവര്‍ വെള്ളച്ചാട്ടത്തിലേക്ക് വഴുതിവീണ് താഴെയുള്ള റിസര്‍വോയറില്‍ മുങ്ങിമരിക്കുകയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News