വേനല്‍ മഴയില്‍ കൃഷി നാശം: കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍
നഷ്ടപരിഹാര വിതരണം പലപ്പോഴും നടപടിക്രമങ്ങളുടെ സങ്കീര്‍ണതയില്‍ കുടുങ്ങി മുടങ്ങുകയോ വൈകുകയോ ചെയ്യുകയാണ് പതിവ്
തിരുവനന്തപുരം: അപ്രതീക്ഷിതമായെത്തിയ വേനല്‍ മഴയിലും ശക്തമായ കാറ്റിലും സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ കൃഷി നശിച്ചിരിക്കുകയാണെന്നും കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍.
കുട്ടനാടന്‍ പാടശേഖരങ്ങളില്‍ മടവീണ് വിളവെടുപ്പിന് പാകമായ നെല്ലാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഏക്കര്‍ കണക്കിന് വാഴയുള്‍പ്പെടെ ശക്തമായ കാറ്റില്‍ നശിച്ചിരുന്നു. എറണാകുളം ജില്ലയില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും കാറ്റിലും13.81 കോടി രൂപയുടെ കൃഷി നശിച്ചതായി ഔദ്യോഗിക റിപോര്‍ട്ടുകളില്‍ പറയുന്നു. 287.50 ഹെക്ടറിലെ കൃഷി പൂര്‍ണമായും നശിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സ്ഥിതി ഇതുതന്നെയാണ്. സഹകരണ ബാങ്കില്‍ നിന്നുള്‍പ്പെടെ പലിശയ്ക്ക് കടമെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ കടുത്ത നിരാശയിലാണ്.
നഷ്ടപരിഹാര വിതരണം പലപ്പോഴും നടപടിക്രമങ്ങളുടെ സങ്കീര്‍ണതയില്‍ കുടുങ്ങി മുടങ്ങുകയോ വൈകുകയോ ചെയ്യുകയാണ് പതിവ്. കൂടാതെ നഷ്ടപരിഹാരം കണക്കാക്കുന്നതിലും അപാകതകള്‍ കടന്നുകൂടുന്നത് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കും. എല്ലാം നഷ്ടപ്പെട്ട് കടക്കെണിയില്‍ മുങ്ങി താഴുന്ന കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതു വരെ കാത്തുനില്‍ക്കാതെ അവരുടെ വേദനകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.