'റെയില്‍ റോക്കോ' പ്രതിഷേധം; പഞ്ചാബിലുടനീളം ട്രെയിന്‍ റൂട്ടുകള്‍ തടഞ്ഞ് കര്‍ഷകര്‍
അമൃത്സര്‍: വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ആവശ്യപ്പെട്ട് പഞ്ചാബില്‍ 'റെയില്‍ റോക്കോ' പ്രതിഷേധം ആരംഭിച്ച് കര്‍ഷകര്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും (രാഷ്ട്രീയേതര) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധം മോഗ, ഫരീദ്‌കോട്ട്, മൊഹാലി എന്നിവയുള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളെ ബാധിച്ചു. കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍ നിരാഹാര സമരം നടത്തുന്ന ശംഭു, ഖനൗരി അതിര്‍ത്തികളിലും പ്രതിഷേധം തുടര്‍ന്നു. എംഎസ്പിക്ക് നിയമപരമായ ഗ്യാരണ്ടി, കടം എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്ക് പെന്‍ഷന്‍, പോലിസ് കേസുകള്‍ പിന്‍വലിക്കല്‍, മുന്‍ സമരങ്ങളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.
ഉച്ചയ്ക്ക് 12 മുതല്‍ പലയിടത്തും റെയില്‍വേ ട്രാക്കുകളില്‍ കര്‍ഷകര്‍ കുത്തിയിരിപ്പ് തുടരുകയാണെന്നും ഉച്ചകഴിഞ്ഞ് 3 വരെ അവിടെ തുടരുമെന്നും കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നേതാവ് സര്‍വാന്‍ സിങ് പന്ദേര്‍ പറഞ്ഞു. അതേസമയം, ഖനോരി അതിര്‍ത്തിയില്‍ ദല്ലേവാള്‍ നിരാഹാര സമരം തുടങ്ങിയിട്ട് 23 ദിവസം കഴിഞ്ഞു. ആരോഗ്യാവസ്ഥ മോശമാകുന്നതിനാല്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചനകള്‍. എന്നാല്‍, വൈദ്യസഹായം വേണ്ടെന്ന നിലപാടിലാണ് ദല്ലേവാള്‍.
ദല്ലേവാളിന്റെ അവസ്ഥയും വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണയും വേഗത്തില്‍ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി മാത്രമേ ചര്‍ച്ച നടത്തൂ എന്നാണ് കര്‍ഷകരുടെ നിലപാട്.