മാള: കര്‍ഷകരെ കണ്ണീരിലാഴ്ത്തി വീണ്ടും പ്രകൃതി ദുരന്തത്തിന്റെ താണ്ഡവം. 2018ലെ മഹാപ്രളയത്തില്‍ എല്ലാം നശിച്ച കര്‍ഷക കുടുംബങ്ങള്‍ വീണ്ടും ജീവിതത്തെ വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരെ വീണ്ടും കടക്കെണിയിലേക്ക് തള്ളിവിട്ടുക്കൊണ്ടാണ് പ്രകൃതി സംഹാരതാണ്ഡവമാടുന്നത്. ചെറിയ തോതിലുള്ള മഴയും കാറ്റും പ്രതീക്ഷിച്ചുള്ള മുന്‍കരുതലുകള്‍ കര്‍ഷകരെടുത്തിരുന്നു. എന്നാല്‍ എല്ലാത്തിനേയും നിഷ്പ്രഭമാക്കിക്കൊണ്ടാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.
എറണാകുളം ജില്ലയിലെ അങ്കമാലി തുടങ്ങി കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടൂര്‍ വരെയാണ് പോയ വഴിക്കെല്ലാം ഒട്ടനവധി നാശനഷ്ടങ്ങളുണ്ടാക്കി ചുഴലിക്കാറ്റാഞ്ഞ് വീശിയത്.
കുണ്ടൂര്‍ കിഴക്കുംതല ഇബ്രാഹിം മൂന്നിടങ്ങളിലായി കൃഷി ചെയ്ത 3,000 ഏത്തവാഴകളില്‍ 1,500 എണ്ണവും ഒടിഞ്ഞ് നശിച്ചു. കുല വന്നതും വരാറായതുമായ വാഴകളാണ് നശിച്ചത്. വന്‍തുക ചെലവഴിച്ചാണ് കഴിഞ്ഞ ദിവസം വളപ്രയോഗം നടത്തിയത്. ഇദ്ദേഹത്തിന്റെ പുരയിടത്തിലുള്ള തൊഴുത്തിന്‍മേല്‍ അടക്കാമരം വീണ് ഷീറ്റുകള്‍ നശിച്ചു. നാല് ലക്ഷം രൂപയുടെ നഷ്ടമാണിദ്ദേഹത്തിനുണ്ടായത്. സ്വര്‍ണ്ണം പണയം വെച്ചും വന്‍പലിശക്ക് വായ്പയെടുത്തുമാണ് കൃഷിയിറക്കിയത്.
കിഴക്കുംതല ഷെമീറും സഹോദരനുമൊത്ത് 1,000 ഏത്തവാഴകള്‍ വെച്ചതില്‍ അഞ്ഞൂറോളം നശിച്ചു. 50,000 രൂപയുടെ നഷ്ടമാണിവര്‍ക്കുണ്ടായത്. അടുത്തുള്ള കോളായിത്തറ അജീഷിന്റെ 1000 വാഴകളില്‍ 200 ഉം കിഴക്കുംതല ഷഹനയുടെ 1,000 വാഴകളില്‍ 300ഉം പ്ലാക്കല്‍ അലിയുടെയും ചുങ്കത്ത്പറമ്പില്‍ ശങ്കരന്‍കുട്ടിയുടെതും ഒട്ടനവധി വാഴകളാണ് ഒടിഞ്ഞുനശിച്ചത്.
കൊച്ചുകടവ് പാലത്തിങ്കല്‍ സൗദ ജമാലിന്റെ 100 വാഴകള്‍, വേലംപറമ്പില്‍ ഷെമീന റഫീഖിന്റെ 300 വാഴകളും ആറ് ജാതിയും, കൊച്ചുകടവ് താനത്ത്പറമ്പില്‍ ഇസ്മയിലിന്റെ കുറേയേറെ വാഴകള്‍ തുടങ്ങി നിരവധിയാളുകളുടെ വാഴകള്‍ എല്ലാം ഒടിഞ്ഞ് നശിച്ചിട്ടുണ്ട്.
കൊച്ചുകടവ് പണ്ടാരംപറമ്പില്‍ അഹമ്മദുണ്ണിയുടെ പുരയിടത്തിലെ 20 വര്‍ഷം പ്രായമുള്ള മൂന്ന് ജാതിമരങ്ങള്‍ കടപുഴകി വീണു. ഇതില്‍ രണ്ടെണ്ണം വീണത് അല്‍പ്പം മാറിയായിരുന്നുവെങ്കില്‍ വീടും തകരുമായിരുന്നു.
2018 ലെ പ്രളയശേഷം ഈ വര്‍ഷമാണ് ജാതി മരങ്ങള്‍ നന്നായി കായ്ച്ചിട്ടുള്ളത്. പുറത്തുള്ള അടുക്കളക്ക് തകരാറുണ്ടാക്കിയിട്ടുണ്ട്. മാട്ടാമ്പിള്ളി രേണുക പ്രസാദിന്റെ പുരയിടത്തിലുണ്ടായിരുന്ന പ്ലാവും അടക്കാമരവും വീണ് വീടിന് കേടുപാടുകള്‍ പറ്റി. താഴത്തുപുറത്ത് ഗിരിജാദേവിയുടെ വീടിന് മേലെയുണ്ടായിരുന്ന ഷീറ്റ് പറന്നുപോയി. പ്ലാക്കല്‍ അഷറഫിന്റെ വീടിന് മേല്‍ അയല്‍പ്പക്കത്തെ മരങ്ങള്‍ വീണ് വീടിന് കേടുപാടുകള്‍ പറ്റുകയും വാട്ടര്‍ ടാങ്ക് തകരുകയും ചെയ്തു. കല്ലുങ്കല്‍ അബ്ദുള്‍ റഹ്മാന്റെ പുരയിയിടത്തിലുണ്ടായിരുന്ന പനമരം വീണ് മതിലിന് കേടുപാടുകള്‍ പറ്റി.