കര്‍ഷക സമരം: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിന്റെ ബിജെപി അനുകൂല നിലപാട് വീണ്ടും പുറത്തുവന്നു

കര്‍ഷക സമരത്തെ അനുകൂലിച്ച് ഒഐഒപിയുടെ എഫ്ബി പേജില്‍ പോസ്റ്റു ചെയ്യുന്ന സന്ദേശങ്ങള്‍ അഡിമിന്‍ നീക്കം ചെയ്യുകയാണ് എന്നും കുറ്റപ്പെടുത്തുന്നു

Update: 2020-11-30 04:05 GMT

കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ കരത്താര്‍ജ്ജിക്കുന്ന കര്‍ഷക സമരങ്ങളെ കുറിച്ച് നിശബ്ദത പാലിക്കുന്ന വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിന്റെ (ഒഐഒപി) നിലപാടിനെതിരേ അണികളുടെ കടുത്ത വിമര്‍ശനം. ഔദ്യോഗിക എഫ്ബി പേജിലൂടെ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ഒഐഒപിക്കെതിരെ പുതിയ നിലപാടിലൂടെ വിമര്‍ശനം കടുക്കുകയാണ്. എഫ്ബി പേജ് ഹാക്ക് ചെയ്തവരാണ് ബിജെപി അനുകൂല നിലപാട് പ്രചരിപ്പിക്കുന്നത് എന്നായിരുന്നു ഒഐഒപി സംസ്ഥാന നേതാക്കള്‍ അന്നു പറഞ്ഞിരുന്നത്. അതിനു ശേഷം പുതിയ എഫ്ബി പേജിന് രൂപം നല്‍കിയ ശേഷവും ബിജെപി അനുകൂല നിലപാട് തന്നെയാണ് പുറത്തേക്ക് വരുന്നത്.




 


രാജ്യത്തിന്റെ അടിസ്ഥാന വിഭാഗമായ കര്‍ഷകര്‍ നിലനില്‍പ്പിനുവേണ്ടി നടത്തുന്ന ഐതിഹാസിക സമരത്തെ എന്തുകൊണ്ടാണ് ഒഐഒപി അനുകൂലിക്കാത്തത് എന്ന ചോദ്യം അണികള്‍ ഉയര്‍ത്തുന്നുണ്ട്. കര്‍ഷക സമരത്തെ അനുകൂലിച്ച് ഒഐഒപിയുടെ എഫ്ബി പേജില്‍ പോസ്റ്റു ചെയ്യുന്ന സന്ദേശങ്ങള്‍ അഡിമിന്‍ നീക്കം ചെയ്യുകയാണ് എന്നും കുറ്റപ്പെടുത്തുന്നു. ഒഐഒപിക്കു പിന്നില്‍ ബിജെപി തന്നെയാണ് എന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി എന്ന തരത്തിലുള്ള സന്ദേശവും ഔദ്യോഗിക എഫ്ബി പേജില്‍ കമന്റുകളായി വരുന്നുണ്ട്.


ഒഐഒപിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അനുകൂലമോ പ്രതികൂലമോ ആയ നിലപാടില്ല എന്നാണ് സംസ്ഥാന നേതൃത്വം പറയുന്നതെങ്കിലും സിപിഎമ്മിനെ വിമര്‍ശിക്കുന്ന ധാരാളം പോസ്റ്റുകള്‍ ഔദ്യോഗിക എഫ്ബി പേജില്‍ സ്ഥിരമായി വരുന്നുണ്ട്. അതേ സമയം കേന്ദ്രസര്‍ക്കാറിനെയോ ബിജെപിയോ വിമര്‍ശിക്കുന്ന ഒന്നു തന്നെ പേജില്‍ വരാതിരിക്കാന്‍ ഒഐഒപി സംസ്ഥാന നേതാക്കളായ അഡ്മിന്‍മാര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നുമുണ്ട്.


തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒഐഒപിയുടെ സ്ഥാനാര്‍ഥികളായ രംഗത്തുവന്നവരില്‍ 80 ശതമാനവും കൃസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇതില്‍ തന്നെ ബിജെപിയുമായി അനുകൂല നിലപാട് സ്വീകരിക്കുന്നതിന് എതിര്‍പ്പില്ലാത്തവരാണ് ഭൂരിപക്ഷവുമെന്ന് സ്ഥാനാര്‍ഥികളെ സംബന്ധിച്ച പ്രാദേശിക അന്വേഷണത്തില്‍ വ്യക്തമായിട്ടുമുണ്ട്. രാജ്യത്തെ ബുഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കു വേണ്ടി എന്ന തരത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തിയ സമരം പിന്നീട് ബിജെപിക്ക് അനുകൂലമാക്കി വഴിതിരിച്ചുവിട്ടിരുന്നു. ഇതേ തന്ത്രം തന്നെയാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിലൂടെ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് സംഘടനയുടെ നിലപാടുകളെല്ലാം.




Tags:    

Similar News