കര്‍ഷക സമരം: വിശദ ചര്‍ച്ചയ്ക്ക് പാനല്‍ നിര്‍ദേശിക്കാന്‍ കേന്ദ്ര കൃഷിമന്ത്രി

Update: 2021-01-20 14:45 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി കാര്‍ഷിക നിയമത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തുന്നതിന് കര്‍ഷക പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും അടങ്ങുന്ന പാനല്‍ നിര്‍ദേശിക്കാന്‍ കേന്ദ്ര കൃഷിമന്ത്രി കര്‍ഷക സംഘടനകളോട് അഭ്യര്‍ത്ഥിച്ചു. നിയമത്തിന്റെ വിവിധ ക്ലോസ്സുകള്‍ വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കാന്‍ ഇത്തരമൊരു പാനല്‍ അത്യാവശ്യമാണെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമര്‍ പറഞ്ഞു.

കാര്‍ഷിക നിയമം നടപ്പില്‍ വരുത്താന്‍ ഒന്നര വര്‍ഷം കാത്തിരിക്കാന്‍ തയ്യാറാണെന്നും മന്ത്രി കര്‍ഷക സംഘടനകളെ അറിയിച്ചു.

രണ്ട് മാസത്തേക്ക് നിയമം നടപ്പാക്കുന്നത്് നീട്ടിവയ്ക്കാന്‍ സുപിം കോടതി നിര്‍ദേശിച്ചിരുന്നു. ഒന്നര വര്‍ഷത്തേക്ക് അത് നീട്ടാന്‍ കേന്ദ്രം തയ്യാറാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

വിവാദമായ കാര്‍ഷിക നിയമത്തെക്കുറിച്ചുള്ള പത്താം വട്ട അനുരഞ്ജന ചര്‍ച്ച ഡല്‍ഹി വിഖ്യാന്‍ ഭവനില്‍ നടക്കുന്നതിനിടയിലാണ് മന്ത്രി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. ജനുവരി 19ന് നടത്താന്‍ തീരുമാനിച്ച ചര്‍ച്ച സര്‍ക്കാര്‍ ബുധനാഴ്ചയിലേക്ക് നീട്ടിവയ്ക്കുകയായിരുന്നു.

യോഗത്തില്‍ കൃഷിമന്ത്രി തൊമറിനു പുറമെ പിശൂഷ് ഗോയലും സന്നിഹതരായിരുന്നു.

ജനുവരി 15ാം തിയ്യതി നടന്ന ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും യോഗം ചേര്‍ന്നത്.

ജനുവരി 12ന് സുപ്രിംകോടതി കാര്‍ഷിക നിയമം പരിശോധിക്കുന്നതിനുവേണ്ടി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. രണ്ട് മാസത്തിനുള്ളില്‍ സമിതിയോട് റിപോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.

സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ സുപ്രിംകോടതി സമിതി ബഹിഷ്‌കരിച്ചു. സമിതിയിലുള്ളവര്‍ കാര്‍ഷിക നിയമത്തിന് അനുകൂല നിലപാടുള്ളവരാണെന്നായിരുന്നു സംഘടനകള്‍ പറഞ്ഞ കാരണം.

രണ്ട് ദിവസത്തിനുള്ളില്‍ ഭാരതീയ കിസാന്‍ യൂനിയന്‍ പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് മാന്‍ സമിതിയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു.

സുപ്രിംകോടതി നിര്‍ദേശിച്ച സമിതിയുടെ ആദ്യ യോഗം ചൊവ്വാഴ്ച ചേര്‍ന്നതായി കാര്‍ഷികമന്ത്രാലയം അറിയിച്ചു.

2020 നവംബര്‍ 26ന് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയെടുത്ത മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുളള സമരം രാജ്യത്ത് വലിയ ഭരണപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നിയമം പൂര്‍ണമായും പിന്‍വലിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുമ്പോള്‍ ഏതാനും തിരുത്തലുകള്‍ വരുത്താന്‍ തയ്യാറാണെന്നാണ് സര്‍ക്കാരിന്റെ വാദം.

Tags:    

Similar News