സുരക്ഷയുടെ പേരില്‍ ജനാധിപത്യാവകാശങ്ങള്‍ ബലികൊടുക്കരുതെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഫാറൂഖ് അബ്ദുള്ളയുടെ കത്ത്

Update: 2020-11-21 14:25 GMT

ശ്രീനഗര്‍: നവംബര്‍ 28 മുതല്‍ വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പിനുള്ള സംവിധാനങ്ങള്‍ സുതാര്യമായിരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പീപ്പിള്‍സ് ആലിയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ പ്രസിഡന്റ് ഫാറൂഖ് അബുല്ല സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി.

കശ്മീരില്‍ ജനാധിപത്യം അതീവ ദുര്‍ബലമാണ്. ജമ്മുവിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ ജീവന്‍ ബലി നല്‍കി സംരക്ഷിച്ച ജനാധിപത്യത്തിന്റെ അടിസ്ഥാന വശങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ല. സുരക്ഷാ പ്രശ്‌നം കശ്മീരിന് പുതിയ കാര്യമല്ല. മൂന്നു ദശകങ്ങളായി അത് കശ്മീരിന്റെ ഭാഗമാണ്. ജനാധിപത്യത്തിന്റെ യാത്ര കശ്മീരില്‍ രക്തരൂഷിതമായ പാതിയിലൂടെയാണ്. ആയിരങ്ങളുടെ ജീവരക്തത്തില്‍ പുതഞ്ഞുകിടക്കുന്നത്. അവര്‍ ജീവന്‍ നല്‍കി സംരക്ഷിച്ചത്. ജനാധിപത്യ സംവിധാനങ്ങള്‍ അട്ടിമറിക്കുന്നതിന് സുരക്ഷാപ്രശ്‌നത്തെ മറയാക്കരുതെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സൗത്ത് കശ്മീരില്‍ നിന്നുളള എംഎല്‍എയും സിപിഎം നേതാവുമായ മുഹമ്മദ് യൂസുഫ് തതരിഗാമി ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയ്ക്ക് സമാനമായ കത്തെഴുതിയിരുന്നു. ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നത് സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി പരിമിതിപ്പെടുത്തിയിരിക്കുകയാണ്.

ആഗസ്റ്റ് 2019ല്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇത്.

Tags:    

Similar News