ഫസീലയുടെ കൊലപാതകം: പ്രതി അബ്ദുല്‍ സനൂഫ് ചെന്നൈയില്‍ പിടിയില്‍
ചെന്നൈയില്‍ നിന്നാണ് കോഴിക്കോട് പോലിസ് ഇയാളെ പിടികൂടിയത്.
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിലെ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി തൃശൂര്‍ സ്വദേശി അബ്ദുല്‍ സനൂഫ് അറസ്റ്റില്‍. ചെന്നൈയില്‍ നിന്നാണ് കോഴിക്കോട് പോലിസ് ഇയാളെ പിടികൂടിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും. മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ഈ മാസം 26ന് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫസീല ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ടായിരുന്നു.
സനൂഫും ഫസീലയും ഒരുമിച്ചാണ് ഹോട്ടലില്‍ റൂമെടുത്തത്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെ സനൂഫ് ലോഡ്ജ് ജീവനക്കാരുമായി വാടക സംബന്ധിച്ച് സംസാരിച്ചു. തുടര്‍ന്നു പുറത്തിറങ്ങിയ ഇയാള്‍ തിരിച്ചെത്തിയില്ല. യുവാവ് ലോഡ്ജില്‍ നല്‍കിയ വിലാസവും ഫോണ്‍ നമ്പരും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അബ്ദുള്‍ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍ പാലക്കാട് ചക്കന്തറയില്‍ കണ്ടെത്തി.
സനൂഫിനെതിരെ ഫസീല മുന്‍പ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ കേസ് പിന്നീട് ഒത്തുതീര്‍പ്പായിരുന്നു. ഇതിനു ശേഷവും ഫസീലയും സനൂഫും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പൊലീസ് മൂന്നു സംഘമായാണ് പ്രതിക്കായി തിരച്ചില്‍ നടത്തിയത്. സനൂഫ് ബെംഗളൂരു മജസ്റ്റിക്കില്‍ നിന്ന് സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ബെംഗളൂരുവിലെത്തിയിരുന്നു. പിന്നീടാണ് ഇയാള്‍ ചെന്നൈയില്‍ എത്തിയെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച ചെന്നൈയിലെ ആവഡിയില്‍വെച്ചാണ് പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രതി വേഷംമാറി ആവഡിയിലെ ലോഡ്ജില്‍ താമസിച്ചുവരുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായതെന്നാണ് വിവരം.