പിതാവിന്റെ കാമുകിയായ മാതൃസഹോദരിയുടെ പീഡനം: മലയാളി കുട്ടികള്‍ ഷാര്‍ജ പോലിസില്‍ അഭയം തേടി

Update: 2021-07-10 12:44 GMT

ഷാര്‍ജ: പിതാവിന്റെ കാമുകിയായ മാതൃസഹോദരി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രണ്ട് മലയാളി കുട്ടികള്‍ ഷാര്‍ജ പോലീസില്‍ അഭയം തേടി. നാട്ടിലുള്ള മാതാവിന്റെ അരികിലെത്താന്‍ സഹായം ആവശ്യപ്പെട്ടാണ് ഇവര്‍ പോലീസിനെ സമീപിച്ചത്. ഷാര്‍ജയില്‍ ജനിച്ചുവളര്‍ന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് 17 വയസും മറ്റൊരാള്‍ക്ക് 12 വയസുമാണ് പ്രായം. മാഹി സ്വദേശിയായ പിതവിനൊപ്പമാണ് ഇരുവരും കഴിഞ്ഞിരുന്നത്. പിതാവുമായി പിണങ്ങി പത്തനംതിട്ട സ്വദേശിയായ ഇവരുടെ മാതാവ് ഇപ്പോള്‍ നാട്ടിലാണ്.


ഭാര്യാ സഹോദരിക്കൊപ്പമാണ് പിതാവ് കുട്ടികളുമായി താമസിക്കുന്നത്. ഇവരുടെ പീഡനം സഹിക്കാതായതോടെയാണ് പോലീസിനെ സമീപിച്ചതെന്ന് കുട്ടികള്‍ പറയുന്നു. നാലുവര്‍ഷമായി വിസയില്ലാതെ കഴിയുന്ന ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ 60,000 ദിര്‍ഹത്തോളം പിഴയടക്കണം. കുട്ടികളുടെ പഠനം എട്ട്, അഞ്ച് ക്ലാസുകളില്‍ മുടങ്ങിയിരുന്നു.


ഇപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ് കുട്ടികളുള്ളത്. പിതാവിനൊപ്പം പോകാന്‍ വിസമ്മതിച്ചതിനാലാണ് സന്നദ്ധ പ്രവര്‍ത്തകരുടെ സംരക്ഷണയിലാക്കിയത്. കുട്ടികളുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും ഹാജരാക്കാന്‍ പോലീസ് പിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.




Tags:    

Similar News