കൊവിഡ് കാലത്ത് ഫീസടവ് മുടങ്ങി; തേങ്ങയായാലും മതിയെന്ന് കോളജ് അധികൃതര്‍

തേങ്ങക്കു പുറമെ ഹെര്‍ബല്‍ സോപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മോറിംഗ ഇലകളും ഗോട്ടു കോല ഇലകളും ട്യൂഷന്‍ ഫീസായി കോളേജില്‍ സ്വീകരിക്കുന്നുണ്ട്.

Update: 2020-11-03 13:11 GMT

ഡെന്‍പസര്‍: കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍ വിദ്യാര്‍ഥികള്‍ ഫീസടക്കാതിരുന്നതോടെ ഫീസിനു പകരം തേങ്ങ നല്‍കിയാലും മതിയെന്ന അറിയിപ്പുമായി കോളജ് അധികൃതര്‍. ബാലിയിലെ വീനസ് വണ്‍ ടൂറിസം അക്കാദമിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ ഒരു സൗകര്യം ചെയ്തു കൊടുത്തത്. പണമില്ലാതെ കഷ്ടപ്പെടുകയാണെങ്കില്‍ ഉല്പന്നങ്ങളുടെ രൂപത്തില്‍ പണം അടയ്ക്കുന്നതിനുള്ള അവസരമാണ് കോളജ് നല്‍കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥനായ വയന്‍ പസെക് ആദി പുത്രയാണ് പ്രാദേശിക മാധ്യമമായ ബാലി പുസ്പ ന്യൂസിനോട് ഇക്കാര്യം അറിയിച്ചത്. ഫീസായി ലഭിക്കുന്ന തേങ്ങ സ്‌കൂളിലെ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മാണത്തിനായി ഉപയോഗിക്കും. അത് വില്‍പ്പന നടത്തി മാനേജ്‌മെന്റ് പണം കണ്ടെത്തും.

തേങ്ങക്കു പുറമെ ഹെര്‍ബല്‍ സോപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മോറിംഗ ഇലകളും ഗോട്ടു കോല ഇലകളും ട്യൂഷന്‍ ഫീസായി കോളേജില്‍ സ്വീകരിക്കുന്നുണ്ട്. ഇത് ഉപയോഗിച്ചുള്ള നിര്‍മാണങ്ങളിലും വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കും. സംരംഭകത്വ കഴിവുകള്‍ വികസിപ്പിക്കുന്നതിന് ഇത് വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്നും കോളജ് അധികൃതര്‍ അവകാശപ്പെടുന്നു.

Tags:    

Similar News