യുപിയിലെ മഥുരയിലും പനി പടരുന്നു; ജില്ലയില്‍ 12 കുട്ടികളടക്കം 14 പേര്‍ മരിച്ചു

Update: 2021-09-02 06:46 GMT

മഥുര: യുപിയിലെ മഥുര ജില്ലയില്‍ ഡങ്കിപ്പനിക്ക് സമാനമായ പനി ബാധിച്ച് 14 പേര്‍ മരിച്ചു. മരിച്ചവരില്‍ 12 പേര്‍ കുട്ടികളാണ്. കഴിഞ്ഞ ദിവസം ഏഴ് പേര്‍ മരിച്ചിരുന്നു. ഇന്ന് രാവിലെ ഏഴ് പേര്‍ കൂടി മരിച്ചതോടെയാണ് ആകെ മരണം 14 ആയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗ്രാമങ്ങളില്‍ ആരോഗ്യവകുപ്പ് താല്‍ക്കാലിക ആശുപത്രികള്‍ സജ്ജീകരിക്കുന്നുണ്ട്.

പനി പടരാന്‍ തുടങ്ങിയതോടെ ഗ്രാമീണര്‍ക്കിടയില്‍ ഭീതി പടരുന്നതായി റിപോര്‍ട്ടുകളുണ്ട്. പനിഭീതിയില്‍ കൊഹ ഗ്രാമത്തില്‍ നിന്ന് 50 കുടുംബങ്ങള്‍ പലായനം ചെയ്തു.

ഡെങ്കുവിന്റെയും മലേറിയയുടെയും ലക്ഷണങ്ങളാണ് കാണുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഡല്‍ഹിയില്‍ നിന്നും ലഖ്‌നോവില്‍ നിന്നുമുള്ള മെഡിക്കല്‍ ടീം ഗ്രാമങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മഥുര ജില്ലാ ആശുപത്രിയില്‍ 20 ബെഡുകള്‍ അധികമായി സജ്ജീകരിച്ചു. പാത്രങ്ങളിലും മറ്റ് പാഴ് വസ്തുക്കളിലും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുതെന്ന് മഥുര കലക്ടര്‍ നവനീത് സിങ് ഛഹല്‍ അഭ്യര്‍ത്ഥിച്ചു. 

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ യുപിയിലെ ഫിറോസാബാദിലും 45 കുട്ടികളടക്കം 53 പേര്‍ ഇതേ സാഹചര്യത്തില്‍ മരിച്ചിരുന്നു. യുപി ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രോഗം പ്രസരിച്ചതിനെത്തുടര്‍ന്ന് ഫിറോസാബാദിലെ എല്ലാ സ്‌കൂളുകളും അടച്ചു. സപ്തംബര്‍ 6വരെയാണ് അടച്ചിടുക.

ആഗസ്ത് 18നാണ് ആദ്യരോഗബാധ സ്ഥിരീകരിച്ചത്. 

Tags:    

Similar News