സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കർമ്മത്തിന് പോയവരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മത്തിന് പോയ തീര്‍ത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരില്‍ തിരിച്ചെത്തി. കരിപ്പൂരില്‍ നിന്ന് മെയ് 21 ന് പുലര്‍ച്ചെ ആദ്യ ഹജ്ജ് വിമാനത്തില്‍ യാത്ര പുറപ്പെട്ട 166 ഹാജിമാരാണ് ഇന്നലെ വൈകുന്നേരം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ തിരിച്ചെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെര്‍മിനലിന് പുറത്തെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദ്യമായി സ്വീകരിച്ചു. 161 തീര്‍ത്ഥാടകരുമായി രണ്ടാമത്തെ ഹജ്ജ് വിമാനം രാത്രി തിരിച്ചെത്തി. ഇതോടെ ആദ്യ ദിനം തിരിച്ചെത്തിയത് 327 പേരാണ്.
ആദ്യ വിമാനത്തില്‍ തിരിച്ചെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, അംഗങ്ങളായ അഡ്വ. പി മൊയ്തീന്‍കുട്ടി, ഡോ. ഐപി അബ്ദുസ്സലാം, ഉമ്മര്‍ ഫൈസി മുക്കം, പിടി അക്ബര്‍, സഫര്‍ കയാല്‍, പിപി മുഹമ്മദ് റാഫി, മുഹമ്മദ് ഖാസിം കോയ, കൊണ്ടോട്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഷ്‌റഫ് മടാന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ കെപി ഫിറോസ്, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി മുഹമ്മദലി എന്‍, ഹജ്ജ് വകുപ്പ് മന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥന്‍ യൂസുഫ് പടനിലം, ഹസൈന്‍ പികെ തുടങ്ങിയവര്‍ സ്വീകരിച്ചു. ഹാജിമാരെ സഹായിക്കുന്നതിനായി സെല്‍ ഓഫിസര്‍ പികെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 17 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ഹാജിമാരുടെ ലഗേജ്, സംസം വിതരണം തുടങ്ങിയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഹജ് കമ്മിറ്റി വളണ്ടിയര്‍മാരും ട്രെയിനര്‍മാരും ഹാജിമാരെ സഹായിക്കാന്‍ ഉണ്ടായിരുന്നു.
കേരളത്തില്‍ നിന്നും ഇത്തവണ മൂന്ന് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഹാജിമാര്‍ യാത്ര തിരിച്ചത്. ഇതില്‍ കോഴിക്കോട് എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും യാത്ര തിരിച്ച ഹാജിമാരുടെ മടക്ക യാത്രയാണ് ആരംഭിച്ചത്. കൊച്ചിയിലേക്കും കണ്ണൂരിലേക്കുമുള്ള മടക്ക യാത്രാ വിമാനങ്ങള്‍ ജൂലായ് 10 ന് ആരംഭിക്കും. സൗദി എയര്‍ലൈന്‍സാണ് കൊച്ചിയിലും കണ്ണൂരിലും സര്‍വിസ് നടത്തുന്നത്. കൊച്ചിന്‍ എമ്പാര്‍ക്കേഷന്‍ പോയിന്റിലേക്കുള്ള ആദ്യ വിമാനം ജൂലായ് 10ന് രാവിലെ 10.35നും കണ്ണൂരിലേക്കുള്ള ആദ്യ സര്‍വ്വീസ് 10ന് ഉച്ചക്ക് 12നുമാണെത്തുന്നത്. കേരളത്തിലേക്ക് മൊത്തം 89 സര്‍വിസുകളാണുള്ളത്. കോഴിക്കോട് 64, കൊച്ചി 16, കണ്ണൂര്‍ 9 സര്‍വിസുകളുണ്ടാകും. ജൂലായ് 22നാണ് അവസാന സര്‍വിസ്.