പ്രളയവും ഉരുള്‍പ്പൊട്ടലും; ബംഗ്ലാദേശിലെ റോഹിന്‍ഗ്യ ക്യാംപില്‍ ആറ് മരണം

Update: 2021-07-29 04:57 GMT

ധക്ക: ബംഗ്ലാദേശില്‍ ദിവസങ്ങളായി തുടരുന്ന പ്രളയത്തില്‍ റോഹിന്‍ഗ്യ ക്യാംപുകളില്‍ ഉരുള്‍പ്പൊട്ടലും വെള്ളക്കെട്ടും. ക്യാംപുകളില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.

കാംപുകളില്‍ കഴിഞ്ഞിരുന്ന അഞ്ച് പേര്‍ മരിച്ചെന്നും ഒരു കുട്ടി ഒഴുകിപ്പോയെന്നും അഭയാര്‍ത്ഥികളുടെ ചുമതലയുള്ള മുതിര്‍ന്ന ബംഗ്ലാദേശ് ഉദ്യോഗസ്ഥന്‍ മൊഹമ്മദ് ഷംസുദ്ദീന്‍ ഡൗസ പറഞ്ഞു.

അതിര്‍ത്തി ജില്ലയിലെ കോക്‌സ് ബസാര്‍ ക്യാംപില്‍ ഒരു ദശലക്ഷം പേരാണ് തിങ്ങിഞ്ഞെരുങ്ങിക്കഴിയുന്നത്. 2017ല്‍ മ്യാന്‍മറില്‍ സൈനിക നടപടിതുടങ്ങിയ ശേഷം കുടിയേറിയവരാണ് ഇവിടെ താമസിക്കുന്ന മിക്കവരും.

പല ക്യാംപുകളും വെള്ളത്തിനടിയായതായി അഭയാര്‍ത്ഥികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. അമ്മമാര്‍ കരയുന്ന കുട്ടികളുമായി ഓടിനടക്കുകയാണെന്ന് അഭയാര്‍ത്ഥിയായ കാസിം പറയുന്നു.

മഴയില്‍ കുതിര്‍ന്ന ഒരു കുന്ന് ക്യാംപുകള്‍ക്കു മുകളിലേക്ക് തകര്‍ന്നുവീണാണ് പലര്‍ക്കും പരിക്കേറ്റത്.

മഴയില്‍ നൂറുകണക്കിന് കുടിലുകള്‍ തകര്‍ന്നിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലും മഴ പ്രതീക്ഷിക്കുന്നുണ്ട്.

മിക്കവാറും അഭയാര്‍ത്ഥികള്‍ മുളകൊണ്ട് നിര്‍മിച്ച താല്‍ക്കാലിക വീടുകളിലാണ് കഴിയുന്നത്.

Tags: